നടവഴി വീതികൂട്ടണമെന്ന് നാട്ടുകാർ; തിരിഞ്ഞുനോക്കാതെ പഞ്ചായത്ത്
1466456
Monday, November 4, 2024 5:39 AM IST
അന്പലപ്പുഴ: പതിറ്റാണ്ടുകളായുള്ള നടവഴി വീതികൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് മുഖം തിരിച്ച് പഞ്ചായത്ത്. പുറക്കാട് പഞ്ചായത്ത് ആറാം വാർഡ് തൈച്ചിറയിലാണ് 13 കുടുംബങ്ങൾ യാത്രാദുരിതമനുഭവിക്കുന്നത്.
വർഷങ്ങൾക്കു മുൻപ് ചെറിയ നടവഴി മാത്രമായിരുന്നു ഉണ്ടായിരുന്നത്. പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് പരിസരവാസികളാണ് ഏതാനും വർഷം മുൻപ് ഇവിടെ മെറ്റിലിറക്കി വഴി ഗതാഗതയോഗ്യമാക്കിയത്. ഇപ്പോൾ കാടുപിടിച്ച് ഇഴജന്തുക്കളുടെ കേന്ദ്രമായി വഴി മാറി.
240 മീറ്റർ നീളവും മൂന്നര മീറ്റർ വീതിയുമുള്ള വഴി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടാ യില്ല. സമീപത്തെ അപ്പാത്തിക്കരി പാട ശേഖരത്തുനിന്ന് നെല്ല് റോഡിലേക്ക് എത്തിക്കുന്നതും ഈ വഴിയിലൂടെയാണ്.
റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാൽ അത്യാസന്ന നിലയിലാകുന്ന രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷ പോലും ഇതിലേ വരില്ലെന്ന് നാട്ടുകാർ പറയുന്നു.
മഴ പെയ്താൽ വെള്ളത്തിലായ ഈ വഴിയിലൂടെ കാൽനടയാത്ര പോലും സാധ്യമാകില്ലെന്നും ഇവർ പറയുന്നു. അടിയന്തരമായി പഞ്ചായത്ത് ഇടപെട്ട് വഴി ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.