പൈപ്പ് പൊട്ടി കുടിവെള്ളം പാടത്തേക്ക്; കണ്ടഭാവം നടിക്കാതെ അധികൃതർ
1466459
Monday, November 4, 2024 5:39 AM IST
അന്പലപ്പുഴ: പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാടശേഖരത്തേക്ക് ഒഴുകുന്നു. ഇത് കൊയ്ത്തിനു ഭീഷണിയാകുമെന്ന ആശങ്കയിൽ കർഷകർ. കഞ്ഞിപ്പാടം-എസ്എൻ കവല റോഡിൽ കൊപ്പാറക്കടവിന് കിഴക്ക് അയ്യങ്കാളി ജംഗ്ഷന് സമീപമാണ് പൈപ്പുലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നത്. മാസങ്ങളായി ഈ രീതിയിൽ പൈപ്പ് പൊട്ടി കുടിവെളളം പാഴാകാൻ തുടങ്ങിയിട്ട്. പല തവണ വിവരമറിയിച്ചിട്ടും വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഇതിനു തൊട്ടരികിലും സമാന രീതിയിൽ മാസങ്ങളായി കുടിവെള്ളം പാഴാകുകയാണ്. കൊയ്ത്തിന് മുൻപ് വെള്ളം വറ്റിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ഈ സമയത്താണ് പൊട്ടിയ പൈപ്പുലൈനിൽ നിന്ന് ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാടശേഖരത്തേക്ക് ഒഴുകുന്നത്.
കൂടാതെ കോടികൾ ചെലവഴിച്ചു നിർമിച്ച റോഡും വെള്ളം കെട്ടിക്കിടന്ന് തകർന്നിരിക്കുകയാണ്. പൈപ്പു ലൈൻ പൊട്ടിയ ഭാഗങ്ങളിലെല്ലാം റോഡ് തകർന്നിരിക്കുകയാണ്. വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയുടെ തെളിവായി ഈ പൈപ്പ് പൊട്ടൽ മാറിക്കഴിഞ്ഞു.