മത്സ്യത്തൊഴിലാളികൾ ഉപരോധസമരം നടത്തി
1466054
Sunday, November 3, 2024 5:11 AM IST
അന്പലപ്പുഴ: കാക്കാഴം, വളഞ്ഞവഴി, നീർക്കുന്നം മേഖലകളിൽ കടൽഭിത്തി നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ ആലപ്പുഴ ഓഫീസ് ഉപരോധിച്ചു.
കഴിഞ്ഞ കടലേറ്റവും കള്ളക്കടൽ പ്രതിഭാസവും മൂലം ദുരിതത്തിലായ കുടുംബങ്ങളിൽ പലരും ആവലാതികളുമായി ഭരണകക്ഷി ജനപ്രതിനിധികളെ നിരവധിത്തവണ കണ്ടെങ്കിലും പരിഹാരമായില്ല. മന്ത്രിമാരടക്കം പങ്കെടുത്ത നിർമാണോദ്ഘാടനത്തിന് പണം മുടക്കിയതല്ലാതെ കടൽ ഭിത്തിയും പുലിമുട്ടും നിർമിക്കുന്ന പ്രവർത്തിക്ക് ഒരു നയാപൈസ മുടക്കാൻ നാളിതുവരെ സർക്കാർ തയാറാകുന്നില്ലെന്നും തീരദേശവാസികൾ കുറ്റപ്പെടുത്തി.
കോൺഗ്രസ് നേതാക്കളായ ടി. എ. ഹാമിദ്, എം. എച്ച്. വിജയൻ, എം.വി. രഘു, എ.ആർ കണ്ണൻ, എൻ . ഷിനോയ്, വിജയൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കടൽക്ഷോഭം സാരമായി ബാധിച്ച ഇരുപതിൽപ്പരം കുടുംബങ്ങളിലെ മുതിർന്നവരും വിദ്യാർഥികളടക്കമുള്ളവരുമാണ് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ ആലപ്പുഴ ജില്ലാ ഓഫീസറെ തടഞ്ഞുവച്ചത്.
തുടർന്ന് തിരുവന്തപുരത്ത് കിഫ്ബി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ടെലിഫോണിൽ നടത്തിയ ചർച്ചയെത്തുടർന്ന് സമരം അവസാനിപ്പിച്ചു.
നാലരക്കിലോമീറ്റർ കല്ലിടാനുള്ള റിവൈസ് എസ്റ്റിമേറ്റ് അംഗീകരിക്കാൻ സർക്കാർ തയാറാകാതെ ഒളിച്ചുകളിക്കാനാണ് നീക്കമെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നു പ്രതിഷേധക്കാർ പറഞ്ഞു.