വള്ളത്തിന്റെ എൻജിൻ മോഷണം പോയതായി പരാതി
1466740
Tuesday, November 5, 2024 7:41 AM IST
ഹരിപ്പാട്: ആറാട്ടുപുഴ വട്ടച്ചാലിൽനിന്നു വീണ്ടും മത്സ്യബന്ധന വളളത്തിന്റെ എൻജിൻ മോഷണം പോയതായി പരാതി. കഴിഞ്ഞദിവസം കന്നേൽ പടീറ്റതിൽ ബാബുവിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിന്റെ എൻജിനാണ് എടുത്തുകൊണ്ടുപോയത്. കാർഗിൽ ജംഗ്ഷനു കിഴക്ക് കായലോരത്ത് സൂക്ഷിച്ചിരുന്ന ഫൈബർ വള്ളത്തിന്റെ എൻജിനാണ് കൊണ്ടുപോയത്. 51,000 രൂപയോളം വിലവരുന്ന 2.5 ഹോഴ്സ് പവറുള്ള സുസുക്കി എൻജിനാണ് നഷ്ടപ്പെട്ടത്. തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു.
ഏതാനും മാസം മുൻപ് പ്രദേശത്തുനിന്ന് പത്തോളം വള്ളങ്ങളുടെ എൻജിൻ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർച്ചയായി ജീവനോപാധി മോഷണം പോകുന്നതു മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്.