വർണമഹാഘോഷയാത്രയില് പങ്കെടുത്ത് ഭക്തസഹസ്രങ്ങള്‍
1466455
Monday, November 4, 2024 5:39 AM IST
ചേർത്തല: കടക്കരപ്പള്ളി കണ്ടമംഗലം ശ്രീരാജരാജേശ്വരി മഹാദേവിക്ഷേത്രത്തിലെ ശ്രീസൂക്ത പൂർവക സൗഭാഗ്യലക്ഷ്മി യാഗത്തിന്റെ വർണമഹാഘോഷയാത്രയില് പങ്കെടുത്ത് ഭക്തസഹ്രസങ്ങള്‍.
കാടാമ്പുഴ ശ്രീഭഗവതീ ക്ഷേത്രത്തിൽനിന്നു കൊണ്ടുവന്ന ദേവീ വിഗ്രഹവും ചെമ്പഴന്തി ശ്രീനാരായണ ഗുരുദേവന്റെ ജന്മം കൊണ്ട് പുണ്യമായ വയൽവാരം വീട്ടിൽനിന്നു ദീപവും വഹിച്ചു കൊണ്ടുള്ള രഥ മഹാവർണ ഘോഷയാത്ര തങ്കിക്കവല ആറാട്ടുകുളം ശക്തി വിനായക ക്ഷേത്രത്തിലെത്തിയ ശേഷം കണ്ടമംഗലം ക്ഷേത്രത്തിലേക്ക് ആരംഭിച്ചു.
വർണ മഹാഘോഷയാത്ര മുൻ എംഎൽഎ അഡ്വ. ഡി. സുഗതൻ ഫ്ലാഗ് ഓഫ് ചെയ്തു. ഘോഷയാത്രയില്‍ വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, നാടൻ കലാരൂപങ്ങൾ, രാധാകൃഷ്ണനൃത്തം, നിലക്കാവടി പൂക്കാവടി, ദേവീ-ദേവൻമാരുടെ വേഷധാരികളായ കുട്ടികൾ അടക്കമുള്ള അസംഖ്യം ഭക്തജനങ്ങൾ മിഴിവേകി.
സത്ര നിർവഹണ സമിതി ചെയർമാൻ അനിൽകുമാർ അഞ്ചംതറ, ജനറൽ കൺവീനർ രാധാകൃഷ്ണൻ തേറാത്ത്, തിലകൻ കൈലാസം, പി.എ. ബിനു, കെ.പി. ആഘോഷ്കുമാർ, സലിം ഗ്രീൻവാലി,തുടങ്ങിയവരുൾപ്പെടെയുള്ള സത്രനിർവഹണ സമിതി ഭാരവാഹികൾ നേതൃത്വം നൽകി.