കനത്ത മഴ: തീർഥാടനവഴികൾ വെള്ളത്തിലായി
1466062
Sunday, November 3, 2024 5:11 AM IST
മാന്നാർ: കനത്ത മഴയിൽ മാന്നാറിലെ റോഡുകൾ വെള്ളത്തിലായി. മാന്നാർ ടൗണിനോട് ചേർന്നുള്ള അര കിലോമീറ്റർ ഭാഗത്താണ് റോഡിൽ വെള്ളക്കെട്ട് ഉണ്ടായത്. വെള്ളം വ്യാപാര സ്ഥാപനങ്ങളിലേക്കും കയറിയതതോടെ വ്യാപാരികളും ബുദ്ധിമുട്ടിലായി. പരുമല പെരുന്നാളിന് എത്തിയ തീർഥാടകരും വെളളക്കെട്ടിൽ കുടുങ്ങി.
സംസ്ഥാന പാതയിൽ മാന്നാർ ടൗണിലെ ആറോളം വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറി നാശനഷ്ടമുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞ് തുടങ്ങിയ മണിക്കൂറുകൾ നീണ്ട കനത്ത മഴയിലാണ് റോഡിൽ വെള്ളക്കെട്ട് ഉണ്ടായത്.
ഓടകൾ അടഞ്ഞുകിടക്കുന്നതാണ് റോഡിൽ വലിയ തോതിൽ വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമായത്. വെള്ളം കയറിയ വ്യാപാര സ്ഥാപനങ്ങൾക്ക് വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായത്. അടിയന്തിരമായി ഓടയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഇവ നവീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് വ്യാപാര സംഘടനകൾ ആവശ്യപ്പെട്ടു.