തവണക്കടവ്-വൈക്കം ജങ്കാർ കടവിൽത്തന്നെ
1466444
Monday, November 4, 2024 5:26 AM IST
പൂച്ചാക്കൽ: വൈക്കം -തവണക്കടവ് ജങ്കാർ സർവീസ് പുനരാരംഭിക്കൽ നടപടി ആയില്ല. കഴിഞ്ഞ 28ന് ജങ്കാർ സർവീസ് പുനരാരംഭിക്കാനായിരുന്നു മുൻപ് തീരുമാനിച്ചത്. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് രണ്ട് ദിവസംകൂടി വൈകുന്നതെന്ന് അധികൃതർ അറിയിച്ചിരുന്നു. എങ്കിലും നടപടിയൊന്നും ആയതുമില്ല.
സർവീസിന്റെ നടത്തിപ്പ് ചുമതലയുള്ള വൈക്കം നഗരസഭയും ചേന്നം പള്ളിപ്പുറം പഞ്ചായത്തും നാളെ യോഗം ചേരുമെന്നും വൈകാതെ പരിഹാരമാകുമെന്നാണ് ഇപ്പോഴത്തെ വിവരം. ഒരു വർഷത്തേക്ക് 13.92 ലക്ഷം രൂപയ്ക്കാണ് കരാർ ഉറപ്പിച്ചിട്ടുള്ളത്. എറണാകുളം കുമ്പളം ആസ്ഥാനമായുള്ള റോൾ ഹാർഡ് വെയേഴ്സ് എന്ന കമ്പനിയാണ് ഉയർന്ന തുകയായ 13.92 ലക്ഷം രൂപ രേഖപ്പെടുത്തിയിട്ടുള്ളത്.
എളുപ്പമാർഗം
സർവീസ് തുടങ്ങുന്നതിനു കാലതാമസം ഉണ്ടാകരുതെന്നാണ് നടത്തിപ്പിന്റെ ചുമതലയുള്ള സംയുക്ത കമ്മിറ്റി കരാർ എടുത്ത കമ്പനിയോട് നിർദേശിച്ചിരുന്നത്. കമ്പനി സർവീസ് തുടങ്ങുന്നതിന് ഏതാനും ദിവസം കുടി സാവകാശം ചോദിച്ചെങ്കിലും സംയുക്ത കമ്മിറ്റി അതിന് തയാറായില്ലെന്നാണ് വിവരം.
ചേർത്തല താലൂക്ക് പ്രദേശത്തുള്ളവർക്ക് വൈക്കം, കോട്ടയം, ഭാഗത്തേക്കും തിരികെയും വാഹനങ്ങളിൽ പോകാനുള്ള എളുപ്പമാർഗമാണ് തവണക്കടവ്-വൈക്കം ജങ്കാർ സർവീസ്. കോട്ടയം ഭാഗത്തുനിന്ന് നിർമാണ മേഖലയിലേക്കുള്ള സാധനസാമഗ്രികകളുമായി വലിയ വാഹനങ്ങൾ ചേർത്തല, പള്ളിപ്പുറം, പാണാവള്ളി തുടങ്ങിയ ഭാഗങ്ങളിലേക്ക് വരുന്നുണ്ട്.
ജങ്കാർ സവീസ് നിലച്ചതോടെ തണ്ണീർമുക്കം ബണ്ട് വഴി കീലോമീറ്ററുകൾ അധികം സഞ്ചരിച്ച് വേണം പോകാൻ. ജങ്കാർ സർവീസ് അടിയന്തരമായി സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അറ്റകുറ്റപ്പണികൾ
ചങ്ങാടത്തിന് ആവശ്യമായ സുരക്ഷാസംവിധാനമില്ലെന്ന പരാതിയെത്തുടർന്ന് മാക്കേക്കടവ് നേരേകടവ് ഫെറിയിലും കോടതി നിർദേശത്തെത്തുടർന്ന് ചങ്ങാട സർവീസ് നിലച്ചിരിക്കുകയാണ്. മണപ്പുറം ചെമ്മനാകരി ഫെറിയിൽ മാത്രമാണ് നിലവിൽ വാഹനങ്ങൾ കൊണ്ടുപോകുന്നതിനുള്ള സൗകര്യമുള്ളത്. ഇവിടെയാകട്ടെ യാത്രക്കാർ കൂടുതൽ വരുന്നതിനാൽ ജങ്കാറിൽ കയറ്റാവുന്നതിൽ കൂടുതൽ ആൾക്കാരെ കയറ്റിയാണ് സർവീസ് നടത്തുന്നത്. വൈക്കം-തവണക്കടവ് ജങ്കാർ സർവീസുമായി ബന്ധപ്പെട്ട് മൂന്നുതവണ ടെൻഡർ നടത്തിയിരുന്നു.
മുൻപുണ്ടായിരുന്ന തുകയേക്കാൾ ലേലത്തുക കുറഞ്ഞുവെന്ന കാരണത്താൽ കരാർ ഉറപ്പിക്കാൻ കഴിഞ്ഞില്ല. ഇവിടെ സർവീസ് നടത്തിയിരുന്ന ജങ്കാർ ജൂലൈ അവസാന വാരത്തിൽ അറ്റകുറ്റപ്പണികൾക്കായി കണ്ടുപോയി. ഇതിനിടയിൽ സർവീസിന്റെ കാലാവധിയും തീർന്നു. വീണ്ടും വൈക്കം നഗരസഭയും ചേന്നം പള്ളിപ്പുറം പഞ്ചായത്തും ചേർന്ന് ടെൻഡർ വിളിക്കുകയായിരുന്നു.