പരുമല പെരുന്നാളിന് കൊടിയിറങ്ങി
1466060
Sunday, November 3, 2024 5:11 AM IST
മാന്നാർ: കോരിച്ചൊരിയുന്ന മഴയിലും വിശ്വാസതീഷ്ണത ഒട്ടും നനയാതെ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്ത ഭക്തിനിർഭരമായ പ്രദക്ഷിണത്തോടെ പരുമല പെരുന്നാളിന് കൊടിയിറങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിന് റാസ ആരംഭിക്കാൻപോകുന്നുവെന്നറിയിച്ച് മണികൾ ഒന്നൊന്നായി മുഴങ്ങി. തുടർന്ന് ഏറ്റവും മുന്നിൽ പതാകയുമേന്തി സെമിനാരി മാനേജരും അതിനു പിന്നിൽ തലയിൽ കുരിശുകളുമേന്തി യുവാക്കളും അണിനിരന്നു.
രണ്ടു വരികളിലായി മുത്തു ക്കുടകളുമേന്തി വിശ്വാസികളും അണിനിരന്നു. പ്രദക്ഷിണം പള്ളിയുടെ പടിഞ്ഞാറ് നദിക്കരയിലുള്ള കുരിശടിയിൽ എത്തി ധൂപപ്രാർഥന നടത്തി. തുടർന്ന് പ്രധാന റോഡിലൂടെ പള്ളിയുടെ കിഴക്ക് വശത്ത് കൂടി പള്ളിമുറ്റത്ത് പ്രവേശിച്ചു. പള്ളിക്ക് വലം വച്ച് കബറിങ്കലിൽ എത്തി പ്രാർഥനകൾ നടത്തിയ ശേഷം പള്ളിയിൽ പ്രവേശിച്ചു. പള്ളിയിലെ സമാപന പ്രാർഥനയോടും ആശിർവാദത്തോടുംകൂടി പെരുന്നാളിന് കൊടിയിറങ്ങി.