എടത്വ സിഎച്ച്സിയില് ഡോക്ടര്‍മാരില്ല ; ഒറ്റയാള്‍ പോരാട്ടവുമായി മുരുകന്
1466065
Sunday, November 3, 2024 5:11 AM IST
എടത്വ: സിഎച്ച്സിക്ക് മുന്നില്‍ ഒറ്റയാള്‍ പോരാട്ടവുമായി മുരുകന്. എടത്വ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രാത്രിയായാല്‍ ഡോക്ടര്‍മാരില്ല.
കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമുണ്ടായിട്ടും കിടത്തിച്ചികിത്സ ഇല്ലെന്നു പറഞ്ഞ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്നു, ആംബുലന്‍സ് സേവനം ലഭ്യമല്ല എന്നിവ ഉന്നയിച്ച് എടത്വ കോഴിമുക്ക് പാണ്ടങ്കരി 35ല്‍ചിറ മുരുകന് (58) എടത്വ സാമൂഹികാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ റോഡിലിരിന്ന് ഒറ്റയാള്‍ സമരം നടത്തിയത്.
സിഎച്ച്സിയുടെ ഗേറ്റിന് നടുവിലായി രാവിലെ എട്ടിനു തുടങ്ങിയ സമരം ഉച്ചയ്ക്ക് രണ്ടുവരെ നീണ്ടു. കനത്ത വെയിൽ വകവയ്ക്കാതെയായിരുന്നു മുരുകന്റെ ഒറ്റയാള്‍ പോരാട്ടം.
കിടത്തിച്ചികിത്സയ്ക്ക് മതിയായ സൗകര്യങ്ങള്‍ ഉണ്ടായിട്ടും രോഗികളെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞുവിടുകയാണ്. രാവിലെ 9 മുതല്‍ രണ്ടുവരെ മാത്രമേ ഡോക്ടര്‍മാരുടെ പൂര്‍ണ സേവനം ഇവിടെ ലഭിക്കുന്നുള്ളു. വൈകുന്നേരം ഏഴു കഴിഞ്ഞാല്‍ ഗേറ്റ് പൂട്ടിയിടുകയാണ് ചെയ്യുന്നത്.
108 ആംബുലന്‍സ് സേവനം പകല്‍ ലഭിച്ചിരിന്നു. ഇപ്പോള്‍ അതും നിലച്ചിരിക്കുകയാണ്. രോഗികളെ മറ്റ് ആശുപത്രിയിലെത്തിക്കാന്‍ സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും മുരുകന് പറയുന്നു.