ബസ് കാത്തിരിപ്പുകേന്ദ്രം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
1466463
Monday, November 4, 2024 5:40 AM IST
എടത്വ: എടത്വ ജംഗ്ഷനില്‍ ബസ് കാത്തിരിപ്പുകേന്ദ്രം ആവശ്യപ്പെട്ട് എടത്വ വികസന സമിതി നല്കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത നവീകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടം പൂര്‍ത്തിയായിട്ടും എടത്വ ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുന്നതിന് കാലതാമസം നേരിട്ട സംഭവത്തിലാണ് എടത്വ വികസന സമിതി പ്രസിഡന്റ് ഐസക്ക് എഡ്വേര്‍ഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗ തീരുമാനത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. ജോണ്സണ് വി. ഇടിക്കുള നല്കിയ ഹര്‍ജിയിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസ് എടുത്തത്.
ചമ്പക്കുളം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍, പത്തനംതിട്ട കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എൻജിനിയര്‍, ആലപ്പുഴ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയര്‍, അസി. എൻജിനിയര്‍ എന്നിവരില്‍നിന്ന് റിപ്പോര്‍ട്ട് തേടും. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്കും സമിതി പരാതി നല്‍കിയിട്ടുണ്ട്.
എടത്വ സെന്റ് അലോഷ്യസ് കോളജ്, ഹെസ്കൂള് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ലക്ഷക്കണക്കിന് വിശ്വാസികളെത്തുന്ന എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി എന്നിവ സ്ഥിതിചെയ്യുന്ന എടത്വ ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചിരുന്നില്ല.
സംസ്ഥാനപാത നവീകരണം ആരംഭിച്ചപ്പോള്‍ത്തന്നെ വികസനസമിതി ആലപ്പുഴ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനിയര്‍ക്ക് നിവേദനം നല്‍കിയിരുന്നു. നവീകരണത്തിന്റെ ഭാഗമായി തണല്‍ മരവും വെട്ടിമാറ്റിയതോടെ കടുത്ത വെയിലിലും മഴയിലുമാണ് യാത്രക്കാര്‍ ബസ് കാത്തിരിക്കുന്നത്.
എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് പ്രതിഷേധ സമരങ്ങള്‍ നടത്തിയിട്ടും അധികൃതര്‍ അനങ്ങാപ്പാറ സമീപനമാണ് സ്വീകരിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ച തുക എടത്വ ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുന്നതിന് കേരള റോഡ് ഫണ്ട് ബോര്‍ഡ് ചമ്പക്കുളം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ക്ക് 2023 സെപ്റ്റംബര്‍ 27 ന് അനുമതി നല്‍കിയിട്ടും നിര്‍മിക്കാന്‍ തയാറായിട്ടില്ല. റോഡ് നവീകരണ സമയത്ത് മറ്റ് പ്രധാന ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചെങ്കിലും എടത്വായെ അവഗണിക്കുകയായിരുന്നു.
നവീകരണത്തിന്റെ ഒന്നാംഘട്ട പ്രവർത്തനം 2020 ജനുവരി 15 ന് പൂര്‍ത്തിയാകുകയും പരിപാലന കാലാവധി 2023 ജനുവരി 15 ് അവസാനിക്കുകയും ചെയ്തിരുന്നു. രണ്ടാംഘട്ടം പ്രവൃത്തി ബാഗോറ കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്ത് എസ്റ്റിമേറ്റ് പ്രകാരമുള്ള 8 കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തിലെ സൗന്ദര്യവത്കരണത്തിനായി 8,66,28000 രൂപ ഉള്‍പ്പെടുത്തിയിരുന്നു.
പരിപാലന കാലാവധി 2025 ഡിസംബര്‍ ഒന്നിന് അവസാനിക്കുമെന്നിരിക്കെ രണ്ടാം ഘട്ടത്തിലും ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാനുള്ള സാധ്യത മങ്ങിയതിനെത്തുടര്ന്നാണ് എടത്വ വികസന സമതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.