വന്ദേഭാരതിന്റെ റൂട്ട് മാറ്റാനുള്ള നീക്കം അംഗീകരിക്കില്ല: കെ.സി. വേണുഗോപാല്‍
1466461
Monday, November 4, 2024 5:40 AM IST
അമ്പലപ്പുഴ: വന്ദേഭാരത് എക്സ്പ്രസിന്റെ റൂട്ട് മാറ്റാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കെ.സി.വേണുഗോപാല്‍ എംപി. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ റൂട്ട് കോട്ടയം വഴി ആക്കാമെന്നുള്ള റെയില്‍വേ മന്ത്രിയുടെ നിര്‍ദേശം ഒരു കാരണവശാലും അംഗീക്കരിക്കാനാവില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഈ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് വേണുഗോപാല്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനല്‍കി.
വന്ദേ ഭാരത് എക്സ്പ്രസ് കടന്നുപോകാന്‍ എറണാകുളം-കായംകുളം പാസഞ്ചര്‍ സ്ഥിരമായി പിടിച്ചിടുന്നതിലുള്ള ബുദ്ധിമുട്ട് മന്ത്രിയെ അറിയിച്ചപ്പോള്‍ അത് പരിഹരിക്കുന്നതിന് പകരം റൂട്ട് മാറ്റാമെന്ന നിര്‍ദേശം അപ്രായോഗികമാണ്. അന്തര്‍ദേശീയ വിനോദസഞ്ചാര കേന്ദ്രമായ ആലപ്പുഴയില്‍ വര്‍ഷം മുഴുവന്‍ വിദേശ സഞ്ചാരികളടക്കം ദൈനംദിനം വന്നുപോകുന്ന ഈ മേഖലയില്‍ വന്ദേഭാരത് പോലെയുള്ള പ്രീമിയം സര്‍വീസുകള്‍ അനിവാര്യമാണ്. വളരെയധികം പരിമിതികളും യാത്രദുരിതവുമാണ് ആലപ്പുഴ തീരദേശ പാതയിലെ ട്രെയിന്‍ യാത്രക്കാര്‍ അനുഭവിക്കുന്നത്. വന്ദേഭാരതിന് മുന്‍ഗണന നല്കുന്നതിനാല് മറ്റുട്രെയിനുകള്ക്ക് കാലതാമസം നേരിടുന്നുണ്ട്.
സമയക്രമം പുനഃക്രമീകരിച്ച് യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണുകയാണ് വേണ്ടത്. അതിനുള്ള പ്രായോഗിക മാര്‍ഗം തേടുന്നതിന് പകരം വന്ദേ ഭാരത് എക്സ്പ്രസ് ആലപ്പുഴ റൂട്ടില്‍ നിന്ന് പിന്‍വലിക്കുന്നത് യാത്രാ ദുരിതം ഇരട്ടിയാക്കുമെന്നും കെ.സി. വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
ആലപ്പുഴ-എറണാകുളം റൂട്ടില്‍ മെമു, പാസഞ്ചര്‍ ട്രെയിനുകളുടെ ബോഗികളുടെ എണ്ണം വര്‍ധിപ്പിച്ച് യാത്രാ ദുരിതത്തിന് പരിഹാരം കാണണം. തീരദേശപാത വഴി എറണാകുളം-കൊല്ലം ഭാഗത്ത് പുതിയ പാസഞ്ചര്‍ ട്രെയിന്‍ വേണമെന്ന ആവശ്യവും റെയില്‍വേയ്ക്കു മുന്നില്‍ വച്ചിട്ടുണ്ട്. എറണാകുളം-അമ്പലപ്പുഴ ഭാഗത്ത് ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പാത ഇരട്ടിപ്പിക്കല്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് റെയില്‍വെ മുന്‍ഗണന നല്‍കുകയാണ് വേണ്ടതെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.