കൊച്ചുമോന്റെ ജീവന് രക്ഷിക്കാൻ എടത്വാക്കാർ ഇന്ന് കൈകോര്‍ക്കുന്നു
1466052
Sunday, November 3, 2024 5:11 AM IST
എടത്വ: വൃക്കരോഗംമൂലം മരണത്തെ മുഖാമുഖം കണ്ടു കഴിയുന്ന കൊച്ചുമോന്റെ ജീവന് രക്ഷിക്കാൻ എടത്വ നിവാസികള്‍ ഇന്ന് കൈകോര്‍ക്കും. എടത്വ പഞ്ചായത്തിലെ പത്താം വാര്‍ഡ് മങ്കോട്ടച്ചിറ മുണ്ടകത്തില്‍ ജോസഫ് ജോണിന്റെ (കൊച്ചുമോന്-52) വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി 25 ലക്ഷം രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നു രാവിലെ 9 മുതല്‍ 2 വരെ എടത്വ ജീവന് രക്ഷാ സമിതി പ്രവര്‍ത്തകരോ ടൊപ്പം പഞ്ചായത്തിലെ ഒന്നു മുതല്‍ 15 വരെയുള്ള വാര്‍ഡുകള്‍ കൈകോര്‍ക്കുന്നത്.
വൃക്ക മാറ്റിവയ്ക്കൽ അനിവാ ര്യമായ കൊച്ചുമോന് സുഹൃത്തിന്റെ ഭാര്യയാണ് വൃക്ക ദാനമായി നല്‍കുന്നത്. ശസ്ത്രക്രിയ പത്തിനാണ് നിശ്ചയിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി കുറഞ്ഞത് 25 ലക്ഷം രൂപ ചെലവുവരും. ഭീമമായ തുക കണ്ടെത്താന്‍ കൊച്ചുമോന്റെ കുടുംബത്തിനു കഴിയാത്ത സാഹചര്യത്തിലാണ് ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി ഡയറക്ടറായുള്ള ചങ്ങനാശേരി പ്രത്യാശയും എടത്വ പഞ്ചായത്ത് എടത്വ ജീവന് രക്ഷാസമിതിയും സംയുക്തമായി ഇന്നു രാവിലെ 9 മുതല്‍ 2 വരെ അഞ്ചു മണിക്കൂര്‍ കൊണ്ട് 25 ലക്ഷം രൂപ സമാഹരിക്കാൻ ഇറങ്ങുന്നത്.
പഞ്ചായത്തിനു പുറത്തുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും ധനസഹായത്തില്‍ പങ്കാളികളാകാൻ എടത്വ ജീവന് രക്ഷാ സമിതി എന്ന പേരില്‍ കേരള ബാങ്ക് എടത്വ ശാഖയില്‍ 911243123 0104112 എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ്സി കോഡ് KSBK 0001243.