ചവിട്ടുനാടകമെന്ന കലയെ പുതിയ തലമുറ ഏറ്റെടുക്കണം: മോളി കണ്ണമാലി
1466050
Sunday, November 3, 2024 5:10 AM IST
ആലപ്പുഴ: തന്റെ കാലം കഴിഞ്ഞാലും ചവിട്ടുനാടകം എന്ന കലാരൂപം ഇവിടെ നിലനിൽക്കണമെന്ന് ചലച്ചിത്രതാരം മോളി കണ്ണമാലി പറഞ്ഞു. പത്താം വയസിൽ തുടങ്ങിയ ചവിട്ടുനാടകം സിനിമാ ജീവിതത്തിലേക്കു കടന്നുപോയെങ്കിലും ഇന്നും ആ കലയെ ഞാൻ സ്നേഹിക്കുകയും പിന്തുടരുകയും ചെയ്യുകയാണ്. സുഖമില്ലാതായിട്ടും ഇന്നും ആ കലാരൂപം ചെയ്യുന്നത് അതു നിലനിർത്തിക്കൊണ്ടുപോകുന്നതിനു വേണ്ടി മാത്രമാണ്.
ഇംഗ്ലീഷ് സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് സുഖമില്ലാതായത്. എന്നാൽ അതിനുശേഷം ദൈവസഹായം പിള്ള എന്ന ചവിട്ടുനാടകം സംവിധാനം ചെയ്യുകയും തന്റെ പേരക്കുട്ടിയെ നായികയായി അഭിനയിപ്പിച്ചത് തനിക്കു ശേഷവും ഈ കല നിന്നുപോകാതിരിക്കണം എന്ന് താൻ ആഗ്രഹിക്കുന്നതിനാലെന്നും കൂട്ടിച്ചേർത്തു.
കേരള സബർമതി സംസ്ഥാന പ്രസിഡന്റ് രാജു പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ച അവാർഡ് വിതരണ ചടങ്ങ് ജില്ലാ സിവിൽ ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയുമായ പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു.
കാരുണ്യ മിത്ര പുരസ്കാരം പുന്നപ്ര ശാന്തിഭവൻ ഡയറക്ടർ ബ്രദർ മാത്യു ആൽബിനും മാധ്യമ മിത്ര പുരസ്കാരം പി.ആർ.സുമേരൻ എന്നിവരും നടനും സംവിധായകനുമായ ടോം സ് കോഡിൽനിന്ന് ഏറ്റുവാങ്ങി. സിനിമാ സംവിധായകൻ ജോയ് കെ.മാത്യു മുഖ്യപ്രഭാഷണം നടത്തി, അഡ്വ.പി.പി ബൈജു, ജോസഫ് മാരാരിക്കുളം, ടോം ജോസഫ് ചമ്പക്കുളം, ഗ്രേയ്സി സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു.
നൂറോളം സിനിമകളിൽ അഭിനയിച്ച മത്സ്യത്തൊഴിലാളികൂടിയായ ചിന്നപ്പൻ കില്ലാടിയേയും ഫിലിം ഡയറക്ടർ ലൗലി ഷാജിയെയും പരിസ്ഥിതി ജീവകാരുണ്യ പ്രവർത്തകനായ ഷാൻ വട്ടപ്പള്ളിയെയും യുവ ബ്ലോഗർ മൻസൂർ മുഖമയെയും ആദരിച്ചു.