മടകുത്തൽ നഷ്ടപരിഹാരമില്ല: കർഷകസമരം തുടങ്ങി
1465888
Saturday, November 2, 2024 5:33 AM IST
മങ്കൊമ്പ്: മടവീഴ്ചയെത്തുടർന്ന് മടകുത്തിയതിന്റെ തുക ലഭിക്കാത്തതിൽ പ്രതിഷേധിച്ചുള്ള അനിശ്ചിതകാല കർഷക ധർണയ്ക്കു തുടക്കമായി. ചമ്പക്കുളം കൃഷിഭവൻ പരിധിയിൽ വരുന്ന പെരുമാനിക്കരി വടക്കേത്തൊള്ളായിരം, ചെമ്പടി ചക്കംകരി, അറുനൂറ് ചക്കംകരി എന്നീ പാടശേഖരങ്ങൾക്കുള്ള ധനസഹായം വൈകുന്നതിൽ പ്രതിഷേധിച്ചാണ് ചമ്പക്കുളം നെല്ലുൽപാദക പാടശേഖര ഏകോപനസമിതിയുടെ നേതൃത്വത്തിൽ കർഷകർ ചമ്പക്കുളം പഞ്ചായത്ത് പടിക്കൽ സമരം നടത്തുന്നത്.
ഏകോപനസമിതി പ്രസിഡന്റ് ഡോ. ജേക്കബ് മാത്യു മാപ്പിളശേരി സമരം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നു തുക അനുവദിച്ചിരുന്നു. എന്നാൽ, ട്രഷറി നിയന്ത്രണം മൂലം തുക അനുവദിക്കാനായില്ല. എന്നാൽ, ട്രഷറി നിയന്ത്രണം നീങ്ങിയപ്പോൾ സാമ്പത്തിക വർഷം കഴിഞ്ഞുപോയി എന്ന ന്യായം പറഞ്ഞു തുക നിഷേധിക്കപ്പെടുകയായിരുന്നു.
പലിശയ്ക്കു പണമെടുത്താണ് മടകുത്തൽ ജോലികൾ പൂർത്തിയാക്കിയതെന്നു കർഷകർ പറയുന്നു. കർഷകരുടെ പരാതിയെത്തുടർന്ന് വിഷയത്തിൽ ജില്ലാ കളക്ടർ വീണ്ടും ഇടപെട്ടെങ്കിലും നടപടിയാകാതിരുന്ന സാഹചര്യത്തിലാണ് കർഷകർ സമരത്തിനൊരുങ്ങിയത്.
ചെമ്പടി ചക്കംകരി പാടശേഖരസമിതി പ്രസിഡന്റ് എം.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ട്രഷറർ ജോസഫ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എം.കെ. വർഗീസ്, വി.സി. ഫിലിപ്പ്, ടി.വി. കുര്യൻ, ജോസഫ് കുഞ്ഞ്, തങ്കച്ചൻ കൂലിപ്പുരയ്ക്കൽ, സന്തോഷ് താരുത്തുരുത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.