സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ചുരം രഹിത പാത സാധ്യമാകും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
1466813
Tuesday, November 5, 2024 8:36 AM IST
കൊട്ടിയൂർ: സംസ്ഥാന സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ കണ്ണൂർ ജില്ലയെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ചുരംരഹിത പാത യാഥാർഥ്യമാകുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. വയനാട്ടിലേക്കുള്ള ചുരമില്ലാ പാതയ്ക്ക് കേന്ദ്ര സർക്കാർ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നു കാണിച്ച് ആംആദ്മി പാർട്ടി കണ്ണൂർ, വയനാട് ജില്ലാ നേതാക്കൾ നൽകിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതിനിടെയാണ് ആംആദ്മി പാർട്ടി നേതാക്കൾ മന്ത്രിയെ കണ്ടത്. വയനാട്ടിലേക്ക് മറ്റു ജില്ലകളിൽനിന്ന് കൂടുതൽ റോഡുകൾ ഉണ്ടാകേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണ്. അതിനാൽ സംസ്ഥാന സർക്കാർ ഇതു സംബന്ധിച്ച് കേന്ദ്രസർക്കാരിന് കത്തു നൽകിയാൽ പരിഗണിക്കാം.
മന്ത്രിയെന്ന നിലയിൽ ഈ വിഷയത്തിൽ ഇടപെടുമെന്നും ജോർജ് കുര്യൻ പറഞ്ഞു. ആം ആദ്മി പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ടി.ജെ. സ്റ്റാനിസ്ലാവോസ്, മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് കണിയാരം, എഎപി എക്സ് സർവീസ് മെൻ വിംഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സിറിയക് ജോർജ് മണിയാക്ക്പാറ, നേതാക്കളായ ബേബി മാത്യു കണിച്ചാർ, എം.വി. ജോയി, ജോസ് തെക്കേമല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കണ്ട് നിവേദനം നൽകിയത്.