"വിത്തും കൈക്കോട്ടും' പ്രദർശനം നടത്തി
1466265
Sunday, November 3, 2024 7:50 AM IST
പയ്യാവൂർ: ചാമക്കാൽ എസ്എൻ യുപി സ്കൂളിൽ കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച് "വിത്തും കൈക്കോട്ടും' എന്ന പേരിൽ വിവിധ തരം വിത്തുകൾ, പഴയകാല കാർഷികോപകരണങ്ങൾ എന്നിവയുടെ പ്രദർശനവും ഹരിതവിദ്യാലയ പ്രഖ്യാപനവും നടന്നു.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്. പഴയകാല ഉപകരണങ്ങളിൽ ഭൂരിഭാഗവും കൊയ്യം എഎൽപി സ്കൂൾ അധ്യാപകനായ തലച്ചിറ സുരേന്ദ്രന്റെ വീട്ടിൽ നിന്നാണ് എത്തിച്ചത്.
ഞേങ്ങോൽ, കവിഞ്ചി, വേര്മാച്ചി, പറ, സേർ, ആവണിപ്പലക, വിത്തൂട്ടി, ഉടുപ്പുപെട്ടി, മരി എന്നിവയുൾപ്പെടെ ഒട്ടേറെ മുൻകാല ഉപകരണങ്ങൾ വിദ്യാർഥികൾക്കും അധ്യാപകർക്കും പരിചപ്പെടാൻ സാധിച്ചു.
പ്രദർശനം പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.എം. ജയരാജ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ് സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. വാർഡ് അംഗം പ്രഭാവതി മോഹനൻ, ചാമക്കാൽ ഗവ.എൽപിഎസ് മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ്, മദർ പിടിഎ പ്രസിഡന്റ് ഷീബ ബിജു, എം. ഷീജ, എ.കെ. ആശ, പി. സ്മിത, പി.കെ. ഹോളി, ബ്രിജില കെ. രാജൻ, സ്കൂൾ ലീഡർ സ്നേഹ സന്തോഷ്, വനജ വിജയൻ എന്നിവർ പ്രസംഗിച്ചു.