കരിയംകാപ്പ് മുതൽ രാമച്ചിവരെ തൂക്കുവേലി നിർമിക്കും
1466806
Tuesday, November 5, 2024 8:36 AM IST
അടയ്ക്കാത്തോട്: കരിയംകാപ്പ് മുതൽ രാമച്ചിയിലേക്ക് രണ്ടുകിലോമീറ്റർ തൂക്കുവേലി നിർമാണം ആരംഭിക്കുന്നു. പഞ്ചായത്ത് വിഹിതം അടക്കം നബാഡിന്റെ സഹായത്തോടെ 16 ലക്ഷം രൂപ ചെലവിലാണ് തൂക്കുവേലി നിർമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രാമച്ചി സാങ്കേതത്തിൽ സ്ഥലം ഉടമകളുടെ യോഗം ചേർന്നു. വളയംചാൽ മുതൽ കാര്യംകാപ്പ് വരെ ആനമതിൽ ഉണ്ടെങ്കിലും കരിയംകാപ്പ് മുതൽ രാമച്ചി, ശാന്തിഗിരി പാലുകാച്ചി വരെ ആന ഉൾപ്പെടെയുള്ള വന്യമൃഗശല്യം നേരിടുന്നുണ്ട്. മതിലില്ലാത്ത ഭാഗങ്ങളിലൂടെയാണ് വന്യമൃഗങ്ങൾ കടന്നു വരുന്നത്. തൂക്കുവേലി യാഥാർഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.
യോഗത്തിന് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷക വഹിച്ചു. കൊട്ടിയൂർ റേഞ്ച് ഓഫീസർ ടി.ബി. പ്രസാദ് പദ്ധതി വിശദീകരിച്ചു. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. പ്രമോദ്കുമാർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സജീവൻ പാലുമ്മി, തോമസ് പുളിക്കക്കണ്ടതിൽ, പാലുകാച്ചി വനസംരക്ഷണസമിതി പ്രസിഡന്റ് ജോർജ് കുപ്പാക്കാട്ട്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രജീഷ് എന്നിവർ പ്രസംഗിച്ചു.
നാളെ മുതൽ സ്ഥല പരിശോധന നടത്തി പ്രവൃത്തിഎത്രയും പെട്ടന്ന് പൂർത്തീകരിക്കാനാണ് തീരുമാനം. വാർഡ് മെംബർ ചെയർമാനായി 11അംഗ കമ്മറ്റിയും രൂപീകരിച്ചു. രണ്ടു കിലോമീറ്ററിന് ശേഷമുള്ള രാമച്ചി, ശാന്തിഗിരി ഉൾപ്പെടുന്ന ബാക്കിയുള്ള ഭാഗത്തെ തൂക്കുവേലി ത്രിതല പഞ്ചായത്തിന്റെസഹായത്തോടെ ഈ വർഷം തന്നെ പൂർത്തീകരിക്കും. ബീറ്റ് ഫോറസ്റ്റർമാരായ അനൂപ്, ബാലകൃഷ്ണൻ, ഗണേഷ്, വച്ചർമാർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.