മാർപാപ്പയുടെ ചാക്രികലേഖനം; നേരറിവായി സെമിനാർ
1466284
Sunday, November 3, 2024 7:50 AM IST
പേരാവൂർ: മാർപാപ്പയുടെ ദിലെക്സിത്ത് നോസ് (അവൻ നമ്മെ സ്നേഹിച്ചു) എന്ന ചാക്രിക ലേഖനത്തെക്കുറിച്ച് "നേരറിവ്-24 ' എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപികയും തിരുഹൃദയ സന്യാസിനി സമൂഹവും ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്. പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു. ഫാ.റോയ് കണ്ണൻചിറ സിഎംഐ (കൊച്ചേട്ടൻ-ദീപിക) ക്ലാസ് നയിച്ചു.
കഴിഞ്ഞ ഒക്ടോബർ 24 നാണ് തിരുഹൃദയ ഭക്തിയെക്കുറിച്ചുള്ള ചാക്രിക ലേഖനം മാർപാപ്പ പ്രസിദ്ധീകരിച്ചത്. 1673 ൽ വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയ ദർശനം ലഭിച്ചതിന്റെ 350 ാം വാർഷികത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ദിലെക്സിത്ത് നോസ് എന്ന ചാക്രികലേഖനത്തെക്കുറിച്ചുള്ള ആദ്യത്തെ പഠനസെമിനാറാണ് "നേരറിവ്-24 ' എന്ന പേരിൽ സംഘടിപ്പിച്ചത്.
ഇംഗ്ലീഷ്, ലാറ്റിൻ ഭാഷകളിൽ ലഭ്യമായ ചാക്രികലേഖനത്തിന്റെ മലയാളം പരിഭാഷ ഇനിയും പുറത്തിറങ്ങിയിട്ടില്ല. തന്റെ നാലാമത്തെ ചാക്രിക ലേഖനത്തിൽ സ്നേഹത്താൽ മുറിവേൽപ്പിക്കപ്പെട്ട ക്രിസ്തുവിന്റെ തിരുഹൃദയത്തെക്കുറിച്ചാണ് ഫ്രാൻസിസ് മാർപാപ്പ സംസാരിക്കുന്നത്. തിരുഹൃദയ സന്യാസിനീ സമൂഹം തലശേരി സെന്റ് ജോസഫ്സ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ഡോ. ട്രീസാ പാലയ്ക്കൽ എസ്എച്ച് ചാക്രികലേഖനത്തിന്റെ കാലികപ്രസക്തിയെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി ആർച്ച്പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറിയിൽ അനുഗ്രഹപ്രഭാഷണം നടത്തി.
എകെസിസി ഗ്ലോബൽ പ്രസിഡന്റ് റവ. ഡോ. ഫിലിപ്പ് കവിയിൽ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. കണ്ണൂർ ദീപിക റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറമ്പിൽ സ്വാഗതവും പാരിഷ് സെക്രട്ടറി ജോജോ കൊട്ടാരംകുന്നേൽ നന്ദിയും പറഞ്ഞു. വൈദികരും സമർപ്പിതരും വിശ്വാസപരിശീലന രംഗത്ത് ശുശ്രൂഷ ചെയ്യുന്ന മതാധ്യാപകരും മാതൃവേദി അംഗങ്ങളും ഉൾപ്പടെ നിരവധി ആളുകൾ സെമിനാറിൽ പങ്കെടുത്തു.