വീട്ടമ്മയുടെ കൺപോളയിൽ തുളച്ചുകയറിയ ചൂണ്ട നീക്കി
1465833
Saturday, November 2, 2024 4:27 AM IST
കണ്ണൂര്‍: മീൻ ചൂണ്ട കണ്പോളയിൽ തുളച്ചുകയറിയ വീട്ടമ്മയ്ക്ക് ആശ്വാസം പകർന്ന് കണ്ണൂർ ജില്ലാ ആശുപത്രി. പേരാവൂരിലെ മുണ്ടപ്ലാക്കൽ എം.ജെ. ജിഷയുടെ (41) വലതു കൺപോളയിലാണ് വിറകുപുരയിൽ നിന്നു വിറകെടുക്കുന്നതിനിടെ തൂക്കിയിട്ടിരുന്ന ചൂണ്ട അബദ്ധത്തിൽ കൊളുത്തിക്കയറിയത്. കൺപോള തുളച്ചു പുറത്തുവന്ന നിലയിലായിരുന്നു ചൂണ്ട. പേരാവൂർ മേഖലയിലെ ആശുപത്രികളിൽ ചികിത്സ തേടിയപ്പോൾ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ജില്ലാ ആശുപത്രി ദന്താരോഗ്യ വിഭാഗത്തിലെയും നേത്ര വിഭാഗത്തിലെയും ഡോക്ടർമാരും മറ്റു ജീവനക്കാരും ചേർന്നാണു ചൂണ്ട നീക്കം ചെയ്തത്.
ജില്ലാ ആശുപത്രി നേത്രവിഭാഗത്തില്‍ എത്തിയ രോഗിയുടെ കണ്പോളയില് തുളച്ചുകയറിയ ചൂണ്ടയുടെ മൂര്‍ച്ചയുള്ള അറ്റം പുറത്തെടുക്കുക ഡോക്ടര്‍മാര്‍ക്ക് വെല്ലുവിളിയായിരുന്നു. ഉടനെ ദന്തവിഭാഗത്തിന്റെ സേവനം തേടി എയര്റോട്ടര് ഹാന്‍ഡ് പീസ് എന്ന ഗ്രൈന്‍ഡിംഗ് മെഷീന്റെ സഹായത്തോടെ ചൂണ്ടയുടെ അഗ്രം രോഗിക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ മുറിച്ചുമാറ്റി ചൂണ്ട പൂര്‍ണമായും പുറത്തെടുക്കുകയുമായിരുന്നു.
ജില്ലാ ആശുപത്രി ദന്തവിഭാഗത്തിലെ ഓറല്‍ ആൻഡ് മാക്സിലോ ഫേഷ്യല്‍ സർജൻ ഡോ. ടി.എസ്. ദീപക്ക്, ഡെന്റല്‍ സര്ജന് ഡോ. സഞ്ജിത്ത് ജോര്‍ജ്, ഓഫ്താല്‍മോളജിസ്റ്റ് ഡോ. ജെയ്സി തോമസ്, ഡോ. മില്‍ന നാരായണന്, സീനിയര്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് അജയകുമാര്‍ കരിവെള്ളൂര്‍, ലക്ഷ്മി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണു ചൂണ്ട നീക്കം ചെയ്തത്.