കൈതേരിയിൽ മോഷണം; മൂന്നുപവൻ കവർന്നു
1466271
Sunday, November 3, 2024 7:50 AM IST
കൂത്തുപറമ്പ്: കൈതേരിയില്‍ വീട്ടില്‍ മോഷണം. അലമാരയില്‍ സൂക്ഷിച്ച മൂന്നു പവനോളം സ്വര്‍ണം കവർന്നു. കൈതേരി കപ്പണയിലെ അനധ്വനിയില് കെ.കെ. ദിനേശന്റെ വീട്ടിലാണു മോഷണം നടന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കവര്‍ച്ച നടന്നതെന്ന് വീട്ടുകാര്‍ പറയുന്നു. വീട്ടുകാർ വീടുപൂട്ടി ജോലിക്കു പോയിരുന്നു.
ഈ സമയത്താണു മോഷണം നടന്നതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തിയ ദിനേശന്റെ മകളാണു വീട്ടിൽ കവർച്ച നടന്ന വിവരം രക്ഷിതാക്കളെ അറിയിക്കുന്നത്.
ടെറസ് വഴിയാണു മോഷ്ടാവ് അകത്ത് കയറിയതെന്നു സംശയിക്കുന്നു. വീടിന്റെ ടെറസിലെ സ്റ്റെപ്പിൽ മുഴുവനായും മുളകുപൊടി വിതറിയത് ശ്രദ്ധയിൽപ്പെട്ടതോടെ റൂം പരിശോധിച്ചപ്പോഴാണ് അലമാരയിലെ വസ്ത്രങ്ങൾ മുഴുവൻ വലിച്ചുവാരിയിട്ടനിലയിലും അലമാരയിൽ സൂക്ഷിച്ച മൂന്നു പവനോളം വരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും മനസിലായത്. തുടർന്ന് വീട്ടുകാർ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തി.