കോൺഗ്രസ് മാർച്ചിൽ സംഘർഷം; അറസ്റ്റ്
1465832
Saturday, November 2, 2024 4:27 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ പങ്ക് അന്വേഷിക്കണമെന്നും കളക്ടറെ മാറ്റിനിർത്തണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാനും മറിച്ചിടാനും ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, ടി.സി. പ്രിയ തുടങ്ങി സ്ത്രീകളടക്കമുള്ള പ്രവർത്തകർ മതിലും പോലീസ് ബാരിക്കേഡും മറികടന്ന് കളക്ടറേറ്റ് കോന്പൗണ്ടിലേക്ക് കടക്കാൻ ശ്രമിച്ചു.
കൊടികെട്ടിയ വടികൊണ്ട് പോലീസിനെ ചില പ്രവർത്തകർ അടിക്കുകയും ചെയ്തു. ബാരിക്കേഡിനു മുകളിൽ കയറിയ പ്രവർത്തകരോട് ഇറങ്ങാൻ ആവശ്യപ്പെട്ടതോടെ പ്രകോപിതരായ പ്രവർത്തകർ ടൗൺ എസ്ഐയ്ക്കെതിരേയും തിരിഞ്ഞു. ഇതിനിടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. ഇതോടെ ഷമ മുഹമ്മദിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ജലപീരങ്കിക്കു മുന്നിൽ മുദ്രാവാക്യവുമായി പ്രതിഷേധിച്ചു.
പ്രതിഷേധം കനത്തതോടെ ചില പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിൽ കയറ്റി. ഇതേത്തുടർന്ന് കളക്ടറേറ്റ് കവാടത്തിൽ കൂടിയിരുന്ന ഭൂരിഭാഗം പ്രവർത്ത കരും പ്രതിഷേധവുമായി പോലീസ് വാഹനത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കസ്റ്റഡിയിലെടുത്തവരെ കയറ്റിയ വാഹനം തടഞ്ഞതോടെ പോലീസ് കൂടുതൽ പോരെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. ഷമ മുഹമ്മദടക്കം പോലീസ് കസ്റ്റഡിയിലായി. തുടർന്ന് ഡിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കൾ ഇടപെട്ട് പ്രവർത്തകരോട് പിന്തിരിയാൻ ആവശ്യപ്പെട്ടു. ആദ്യം നേതാക്കളുടെ ഇടപെടൽ ഗൗനിക്കാതിരുന്ന പ്രവർത്തകർ ഒടുവിൽ പ്രതിഷേധം അവസാനിപ്പിച്ച് പ്രകടനവുമായി നേതാക്കൾക്കൊപ്പം ഡിസിസിയിലേക്ക് മടങ്ങിയതോടെയാണ് കളക്ടറേറ്റ് പരിസരം ശാന്തമായത്.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ അധ്യക്ഷതയിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ടി.ഒ. മോഹനൻ, ഷമാ മുഹമ്മദ്, സജീവ് മാറോളി, മുഹമ്മ് ഫൈസൽ, കെ. പ്രമോദ്, രാജീവൻ എളയാവൂർ, മുഹമ്മദ് ബ്ലാത്തൂർ, ശ്രീജ മഠത്തിൽ, അബ്ദുൾ റഷീദ്, മുഹമ്മദ് ഷമ്മാസ്, പി.പി. പുരുഷോത്തമൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.