വയനാട് ദുരന്തം: കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്ന് സിപിഎം
1466274
Sunday, November 3, 2024 7:50 AM IST
പയ്യന്നൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രം തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് സിപിഎം പയ്യന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. രണ്ടു ദിവസങ്ങളിലായി പയ്യന്നൂരിൽ നടന്നുവന്ന സമ്മേളനം പെരുമ്പയിലെ പൊതുസമ്മേളനത്തോടെ സമാപിച്ചു.
പ്രതിനിധി സമ്മേളനത്തിൽ 34 ജില്ല സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുത്തു. സമ്മേളന നഗരി കേന്ദ്രീകരിച്ച് വോളന്റിയർ മാർച്ചും ബഹുജന പ്രകടനവും നടന്നു. പെരുമ്പയിലെ നടന്ന പൊതുസമ്മേളനം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. പി. സന്തോഷ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ സിപിഎം ഏരിയ സെക്രട്ടറിയായിരുന്ന പി. സന്തോഷിനെ വീണ്ടും സെക്രട്ടറിയായി സമ്മേളനം തെരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.