പാൽചുരം-ബോയ്സ് ടൗൺ റോഡ് അറ്റകുറ്റപ്പണി നാളെ തുടങ്ങും
1466272
Sunday, November 3, 2024 7:50 AM IST
ഇരിട്ടി: വയനാട്ടിലേക്കുള്ള അമ്പായത്തോട്-പാൽചുരം-ബോയ്സ് ടൗൺ റോഡ് അറ്റകുറ്റപ്പണി നാളെ തുടങ്ങുമെന്നു ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തിൽ കെആർഎഫ്ബി പ്രതിനിധി അറിയിച്ചു. വയനാട്ടിലേക്കുള്ള ഏകമാർഗമായ ബോയ്സ് ടൗൺ റോഡ് തകർച്ച യോഗത്തിൽ പ്രതിനിധികൾ ഉന്നയിച്ചതിനു സണ്ണി ജോസഫ് എംഎൽഎ മറുപടി ആരാഞ്ഞപ്പോഴാണു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പി. സജിത് മറുപടി നൽകിയത്. 5.6 കിലോമീറ്റർ ദൂരം അറ്റകുറ്റപ്പണിക്ക് 10 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ഇവിടെ ഗതാഗത കുരുക്ക് പരിഹരിക്കാൻ പോലീസ് ഇടപെടൽ വേണമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ആവശ്യപ്പെട്ടു. കാനയിൽ മണ്ണു വീണ് മഴവെള്ളം റോഡിലൂടെ ഒഴുകിയാണു തകർച്ച രൂക്ഷമാകുന്നത്. പ്രവൃത്തി തുടങ്ങുമ്പോൾ ആവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രസിഡന്റിനെ വിളിക്കാൻ എംഎൽഎ നിർദേശിച്ചു.
അഞ്ചുകോടി രൂപയുടെ ടെൻഡർ നേരത്തേ നടത്തിയിട്ടും ഇരിട്ടി-പേരാവൂർ-നെടുംപൊയിൽ റോഡ് നവീകരണ പ്രവൃത്തി ആരംഭിക്കാത്തതിൽ പൊതുമരാമത്തിനെതിരെ വിമർശനം ഉയർന്നു. ലവൽസ് എടുത്തു പൂർത്തിയാവുന്നതായി മരാമത്ത് എഇ മറുപടി നൽകിയപ്പോൾ ലവൽസ് എടുക്കൽ എന്നു തീരുമെന്നു ചോദിച്ച എംഎൽഎ ഇതേ മറുപടി ഇതേ സഭയിൽ മുന്പും തന്നതല്ലേയെന്നും എന്നു പണി തുടങ്ങുമെന്നു അറിയിക്കാൻ ആവശ്യപ്പെട്ടു. അടുത്ത ആഴ്ച നവീകരണ പ്രവൃത്തി തുടങ്ങുമെന്നു മരാമത്ത് പ്രതിനിധി മറുപടി നൽകി.
ആറളം ഫാം നാഥനില്ലാത്ത അവസ്ഥയിലാണെന്നും സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിനു കൊടുക്കാൻ പാടില്ലെന്നും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, സിപിഐ പ്രതിനിധി ബാബുരാജ് പായം എന്നിവർ താലൂക്ക് സഭയിൽ ഉന്നയിച്ചു.
മലയോര ഹൈവേ വള്ളിത്തോട്-മണത്തണ റോഡ് നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തികൾ മേയ് മാസം പൂർത്തിയാക്കും. കഴിഞ്ഞ മാസം 15 നുള്ളിൽ പുനരാരംഭിക്കുമെന്ന് പറഞ്ഞ നവീകരണ പ്രവൃത്തി ആരംഭിക്കാത്തതു കേരള കോൺഗ്രസ്-എം പ്രതിനിധി വിപിൻ തോമസാണ് ഉന്നയിച്ചത്.
ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവൃത്തി വൈകുന്നതാണ് നവീകരണ പ്രവൃത്തി വൈകാൻ കാരണം. പൈപ്പ് ലൈൻ പണി പൂർത്തിയാക്കാൻ അടുത്ത മാസം കൂടി വേണം ചേംതോട് പാലം സ്ലാബ് വാർപ് കഴിഞ്ഞതായും വെമ്പുഴ പാലം അപ്രോച്ച് റോഡ് പണി ഉടൻ പൂർത്തിയാക്കി സ്ലാബ് വാർപ് നടത്തുമെന്നും ആനപ്പന്തി പാലം പണിക്കുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
കണ്ണൂർ വിമാനത്താവളത്തിലേക്കു വയനാട്ടിൽ നിന്നു കിഫ്ബി പദ്ധതിയിൽ 2000 കോടി രൂപ ചെലവിൽ ലക്ഷ്യമിട്ട ഹൈടെക് റോഡിനായി സാമൂഹികാഘാത പഠനം ആരംഭിച്ചു. കെആർഎഫ്ബി അധികൃതർ ഇക്കാര്യം അറിയിച്ചത്. അമ്പായത്തോട് തുടങ്ങി വിമാനത്താവളം വരെ 40 കിലോമീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിൽ നാലുവരി പാത പണിയുന്നതിനുള്ള അലൈൻമെന്റ് പൂർത്തിയായ സാഹചര്യത്തിൽ നേരത്തേ നോട്ടിഫിക്കേഷൻ നടത്തിയിരുന്നു.