അയ്യൻകുന്ന് പഞ്ചായത്തിൽ ജീവനക്കാരില്ല; പ്രതീകാത്മക സമരവുമായി ഭരണസമിതി
1465827
Saturday, November 2, 2024 4:27 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ ജീവനക്കാരില്ലാത്തത് ദൈനംദിന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭരണസമിതി അംഗങ്ങൾ പ്രതിഷേധക സൂചകമായി പ്രതീകാത്മക സമരം നടത്തി. ജീവനക്കാർ ഇല്ലാത്ത കസേരകളിൽ പാവകളെ വച്ചാണ് ഭരണസമിതി അംഗങ്ങൾ പ്രതിഷേധിച്ചത്.
എട്ടു ജീവനക്കാരുടെ കുറവുള്ള സാഹചര്യത്തിൽ സെക്രട്ടറി ഒരു മാസത്തെ മെഡിക്കൽ അവധിയിൽ പോയിരിക്കുകയാണ്. പകരം ചുമതല അസിസ്റ്റന്റ് സെക്രട്ടറിക്ക് നൽകാതെ പടിയൂർ പഞ്ചായത്ത് സെക്രട്ടറിക്കാണ് അധിക ചുമതല നൽകിയിരിക്കുന്നത്. ഇത് പഞ്ചായത്ത് പ്രവർത്തനങ്ങൾക്ക് പ്രതിസന്ധിയാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഭരണസമിതി അംഗങ്ങൾ പ്രതിഷേധിച്ചത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ മനപ്പൂർവം പ്രതിസന്ധി സൃഷ്ടിക്കുന്നതിനാണ് ഇത്തരം പ്രവർത്തികളെന്നാണ് ഭരണസമിതിയുടെ ആരോപണം.
ജീവനക്കാർ ഇല്ലാത്തതിനാൽ ലൈഫ് ഭവന പദ്ധതിയുടെ ഗഡുക്കൾ പോലും ലഭിക്കാത്ത സാഹചര്യമാണ്. നികുതി പിരിവ് മുതൽ കെട്ടിട ലൈസൻസ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. അനുകൂല തീരുമാനങ്ങൾ വന്നില്ലെങ്കിൽ ജില്ലാ ആസ്ഥാനത്തേക്ക് കൂടി സമരം വ്യാപിക്കാനാണ് ഭരണസമിതിയുടെ തീരുമാനം.
പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന റോജസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സിന്ധു ബെന്നി, സീമ സനോജ്, പഞ്ചായത്ത് അംഗങ്ങളായ, സജി മച്ചിത്താന്നി, ജോസ് എവൺ, ജോസഫ് വട്ടുകുളം, ലിസി തോമാസ്, മിനി വിശ്വനാഥൻ, എൽസമ്മ ജോസഫ്, ഫിലോമിന മാണി, സെലീന ബിനോയി എന്നിവർ പങ്കെടുത്തു.