ചക്കരക്കൽ: കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച സഹപാഠികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളായ കെ.പി. മുഹമ്മദ് മിസ്ബുൽ ആമിർ (12), ആദിൽ ബിൻ മുഹമ്മദ് (12)എന്നിവർ മുങ്ങി മരിച്ചത്.
ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസ കോമ്പൗണ്ടിൽ പൊതുദർശനത്തിന് വച്ചു. തുടർന്നു വിദ്യാർഥികൾ പഠിക്കുന്ന അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലും വീട്ടിലും പൊതുദർശനത്തിന് വച്ചശേഷം കണയന്നൂർ പള്ളിക്കണ്ടി ജുമാ മസ്ജിദിൽ ഖബറടക്കി. പൊതുദർശനത്തിന് വച്ചപ്പോൾ സഹപാഠികളും അധ്യാപകരുമടക്കം നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നു ആയിരങ്ങളാണ് സഹപാഠികളെ അവസാനമായി കാണാൻ എത്തിയത്. ഒരേ ക്ലാസിലാണ് ഇരുവരും പഠിച്ചിരുന്നത്.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മാർട്ടിൻ ജോർജ്, രാജീവൻ എളയാവൂർ, സുരേഷ് ബാബു എളയാവൂർ, എം.വി. ജയരാജൻ, ടി.പ്രകാശൻ, എം. ഗംഗാധരൻ, എം.സി. രതീശൻ, കെ.കെ.അബ്ദുൾ ഖാദർ, അഷ്റഫ് കാഞ്ഞിരോട്, ശ്രീജ മഠത്തിൽ, എം.കെ. മോഹനൻ, കെ.വി. അനീഷൻ, എം. മുസ്തഫ, ഷക്കീർ മൗവഞ്ചേരി, സി.എൻ. ചന്ദ്രൻ, വെള്ളോറ രാജൻ, പി. ചന്ദ്രൻ, കെ. ബാബുരാജ്, ചന്ദ്രൻ കല്ലാട്ട്, കട്ടേരി നാരായണൻ, കെ. പ്രകാശൻ, കെ.വി. ജിജിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമീള, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ. അനിഷ, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് കെ. ദാമോദരൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു.