ക്ഷീരഭവനം സുന്ദരഭവനം; കാമ്പയിന് പേരാവൂരിൽ തുടക്കം
1432273
Saturday, June 29, 2024 2:05 AM IST
പേരാവൂർ: ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ സഹായത്തോടെ ജില്ലാ ക്ഷീര വികസനവകുപ്പ് നടപ്പിലാക്കുന്ന "ക്ഷീരഭവനം സുന്ദരഭവനം' ശുചിത്വ ഗ്രേഡ് പരിശോധന കാമ്പയിന് പേരാവൂർ ബ്ലോക്കിൽ തുടക്കമായി.
ബ്ലോക്കിലെ 21 ക്ഷീര സംഘങ്ങൾക്ക് കീഴിലെ തെരഞ്ഞെടുക്കപ്പെട്ട 10 ക്ഷീര കർഷകരുടെ പശു തൊഴുത്തുകളാണ് പരിശോധിച്ചത്. മൂന്ന് മുതൽ 60 പശുക്കളെ വരെ വളർത്തുന്ന ഫാം ഗണത്തിൽപെട്ടവയാണ് ആദ്യഘട്ടത്തിൽ പരിശോധനയ്ക്കായി തെരഞ്ഞെടുത്തത്.
തൊഴുത്തിന്റെ വൃത്തി, സൗകര്യങ്ങൾ, പശുക്കളുടെ വൃത്തി, കറവ ഉപകരണങ്ങളുടെ ഉപയോഗം, സോക്ക് പിറ്റ്, കമ്പോസ്റ്റ് പിറ്റ്, അജൈവ മാലിന്യങ്ങൾ ഹരിത കർമസേനയ്ക്ക് കൈമാറ്റം, തൊഴുത്ത് അണുവിമുക്തമാക്കാൻ സംവിധാനം ഇവയൊക്കെ പരിശോധിച്ചാണ് ഗ്രേഡ് സർട്ടിഫിക്കറ്റ് നൽകുക.
എ പ്ലസ്, എ, ബി ഗണത്തിൽ ഗ്രേഡ് നൽകും. ഗ്രേഡ് ലഭിക്കാത്തവയെ നിർദേശങ്ങൾ നൽകി വീണ്ടും പരിശോധിക്കും. പരിശോധനയ്ക്ക് ഡയറി ഫാം ഇൻസ്ട്രെക്ടർ പി. ബിനുരാജ്, ഡയറി ഫാം പ്രമോട്ടർ ജയന്തി, സ്മിത ദാസ്, നിഷാദ് മണത്തണ, കെ. രേഷ്മ എന്നിവർ നേതൃത്വം നല്കി.