മേലുദ്യോഗസ്ഥന്റെ പേരില്‍ വ്യാജ രേഖ: ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു
1465519
Friday, November 1, 2024 1:19 AM IST
മഞ്ചേരി: ആരോപണ വിധേയനായ പയ്യനാട് ഹോമിയോ ആശുപത്രിയിലെ ക്ലാര്‍ക്ക് സനൂജ് റിന്ഫാനെ സസ്പെന്‍ഡ് ചെയ്ത് തിരുവനന്തപുരം ഹോമിയോ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഉത്തരവിട്ടു. പയ്യനാട് ഹോമിയോ ആശുപത്രിയില്‍ സേവനങ്ങള്‍ക്കായി രോഗികളില്‍നിന്ന് ഈടാക്കുന്ന തുക സ്വന്തം ഗൂഗിള്‍പേ അക്കൗണ്ടിലേക്ക് അടപ്പിച്ച് പണം തട്ടാന്‍ ശ്രമിക്കുകയും പരാതി ഉയര്‍ന്നതോടെ വിരമിച്ച സൂപ്രണ്ടിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കുകയും ചെയ്തുവെന്നാണ് ക്ലാര്‍ക്കിനെതിരേ ഉയര്‍ന്ന ആരോപണം. ഒപി ടിക്കറ്റിനും ലാബില്‍ നിന്നുള്ള വിവിധ പരിശോധനകള്‍ക്കുള്ള ഫീ ആയും രോഗികള്‍ നല്കുന്ന പണമാണ് ഓഫീസിലെ ക്ലാര്‍ക്ക് സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയത്.
ഒരു വര്‍ഷത്തോളം ഇത്തരത്തില്‍ ജീവനക്കാരന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്കാണ് മാറ്റിയത്. ഇക്കാര്യം സഹജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ മുന്‍ സൂപ്രണ്ടിന്റെ ഉത്തരവുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍, ഉത്തരവിന്റെ കോപ്പി കാണിക്കാന്‍ ക്ലാര്‍ക്ക് തയാറായില്ല. വിഷയം ഹോസ്പിറ്റല്‍ മാനേജ് കമ്മിറ്റിയിലെത്തിയതോടെ ഉത്തരവിന്റെ കോപ്പി ഹാജരാക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറാനായില്ല. തുടര്‍ന്ന് 2021 ഡിസംബര്‍ 22 ലേതെന്ന് കാണിച്ച് ഹാജരാക്കിയ രേഖ മുന്സൂപ്രണ്ടിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് രേഖ വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതു സംബന്ധിച്ച് പൊതു പ്രവര്‍ത്തകനായ മുഹമ്മദ് ഫായിസ് നല്കിയ പരാതിയിലാണ് നടപടി. സംഭവത്തില്‍ മുന്‍ സൂപ്രണ്ട് ഡോ. വി. അനില്‍കുമാര്‍ ആരോഗ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും ഹോമിയോപതി ഡയറക്ടറേറ്റിനും പരാതി നല്‍കിയിരുന്നു.
പരാതിയില്‍ അന്വേഷണം നടത്താന്‍ നേരത്തെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ക്ലാര്‍ക്കിന്റെ സസ്പെന്ഷന് ഡിഎംഒ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നും മതിയായ രേഖകളുടെ അഭാവമുണ്ടെന്നും കാണിച്ച് കൂടുതല്‍ തെളിവെടുപ്പിനായി മറ്റൊരു സംഘത്തെ നിയോഗിക്കുകയായിരുന്നു.