സഭാ തർക്കം: രമ്യമായ പരിഹാരം വേണമെന്ന്
1465224
Thursday, October 31, 2024 12:59 AM IST
കോഴിക്കോട്: വളരെ കാലമായി നിലനിൽക്കുന്ന യാക്കോബായ - ഓർത്തോഡോക്സ് സഭാ തർക്കവും മറ്റു ക്രിസ്തീയ സഭകളിലെ തർക്കങ്ങളും ഉടൻ പരിഹരിക്കുവാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ അനിവാര്യമാണെന്ന് ഷെവലിയാർ സി.ഇ. ചാക്കുണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റിയുടെ അടിയന്തരയോഗം ആവശ്യപ്പെട്ടു. ജസ്റ്റിസ് കെ.ടി. തോമസ് കമ്മിറ്റിയുടെ ശിപാർശകൾ ഉടൻ നടപ്പിലാക്കി പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് യോഗം ഉദ്ഘാടനം ചെയ്ത ഷെവലിയാർ അലക്സ് എം. ജോർജ് കട്ടച്ചിറ ആവശ്യപ്പെട്ടു.
ഈ ആവശ്യത്തിന് കേന്ദ്ര-കേരള സർക്കാരുകളിൽ സമ്മർദം ചെലുത്തണമെന്ന് അഭ്യർഥിച്ച് ഹോളി ലാൻഡ് പിൽഗ്രീം സൊസൈറ്റി ചെയർമാൻ ഷെവലിയാർ സി.ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വ. എം.കെ. അയ്യപ്പൻ എന്നിവർ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർക്കും കേരള, ഗോവ സംസ്ഥാന ഗവർണർമാർക്കും നിവേദനം നൽകി.
യോഗത്തിൽ സൊസൈറ്റി നിയമ ഉപദേഷ്ടാവ് അഡ്വ. എം.കെ. അയ്യപ്പൻ ആമുഖ പ്രഭാഷണം നടത്തി. പി.പി. ശ്രീരസ്, ജി. റൊണാൾഡ് ജൂലിയൻ, കുന്നോത്ത് അബൂബക്കർ, ടി.പി. വാസു, പി.ഐ. അജയൻ, ബേബി കിഴക്കുഭാഗം, എ.സി. ഗീവർ, സി.എം. ഷാജു, സി.കെ. മൻസൂർ എന്നിവർ പ്രസംഗിച്ചു.