അനധികൃത ചെങ്കല്‍ ഖനനം: വിജിലന്‍സ് റിപ്പോര്‍ട്ടിലുള്‍പ്പെട്ട വില്ലേജ് ഓഫീസര്‍മാരെ കുറ്റവിമുക്തരാക്കി
1465516
Friday, November 1, 2024 1:19 AM IST
കോഴിക്കോട്: അനധികൃതമായി ചെങ്കല്ലും മണ്ണും ഖനനം ചെയ്തുവെന്നു പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നല്കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരേ ആരംഭിച്ച വകുപ്പുതല നടപടി സര്‍ക്കാര്‍ ഉപേക്ഷിച്ചു. അനധികൃത ഖനനം നടന്നുവെന്നു വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായിയെങ്കിലും ആരുടെ കാലത്താണ് നിയമവിരുദ്ധ പ്രവര്‍ത്തനം നടന്നതെന്നു കണ്ടെത്താന്‍ കഴിയാത്തതും കുറ്റാരോപിതരുടെ വാദങ്ങളും ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് വകുപ്പുതല നടപടി ഉപേക്ഷിച്ചത്.
മലപ്പുറം ജില്ലയിലെ മേല്‍മുറി വില്ലേജ് പരിധിയില്‍ നടന്ന അനധികൃത ഖനനവുമായി ബന്ധപ്പെട്ട് മുന്‍ വില്ലേജ് ഓഫീസര്‍ സലീം സദാനന്ദന്, നിലവിലെ വില്ലേജ് ഓഫീസര്‍ എ.പി. സിന്ധു എന്നിവര്‍ക്കെതിരേയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ വകുപ്പുതല നടപടി ആരംഭിച്ചത്. തങ്ങളുടെ കാലത്ത് അനധികൃത ഖനനം നടന്നിട്ടില്ലെന്നാണ് ഇരുവരും നല്കിയ വിശദീകരണം. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും ജീവനക്കാര്‍ക്ക് അനുകൂലമായിരുന്നു. വിജിലന്‍സ് പരിശോധന നടത്തിയ സമയത്ത് സിന്ധുവായിരുന്നു മേല്‍മുറി വില്ലേജ് ഓഫീസര്‍. കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ സിന്ധുവിന്റെ കാലയളവില്‍ അനധികൃത ഖനനം നടന്നിട്ടില്ലെന്നും മൂന്നു വര്‍ഷം മുന്‍പു അനധികൃത ഖനനം നടന്നത് ആരുടെ കാലത്താണെന്നു വ്യക്തമല്ലെന്നുമാണ് പറയുന്നത്. എന്നാല്‍, വിജിലന്‍സ് പരിശോധനയ്ക്കുശേഷം അനധികൃത ഖനനത്തിനെതിരേ മേല്‍മുറി വില്ലേജ് വില്ലേജില്‍ നടപടി സ്വീകരിച്ചിട്ടുള്ളതായി രേഖകള്‍ വ്യക്തമാക്കുന്നുമുണ്ട്. ഏത് ജീവനക്കാരാണ് അനധികൃത ഖനനം നടന്ന സമയത്ത് മേല്‍മുറി വില്ലേജ് ഓഫീസില്‍ ജോലി ചെയ്തിരുന്നതെന്നു വ്യക്തമാകുന്നില്ലെന്നു കളക്ടര്‍ നല്കിയ റിപ്പോര്‍ട്ട് സംശയങ്ങള്‍ക്കിടയാക്കിയിരുന്നു.
കുന്നുകള്‍ ഇടിച്ചു നിരത്തി വയലുകളും ചതുപ്പുകളും നിരത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അധികൃതര്‍ മേല്‍മുറി വില്ലേജില്‍ പരിശോധന നടത്തിയത്. സലീം സദാനന്ദന് 2018 ജൂലൈ മുതല്‍ 2019 മേയ് വരെയും എ.പി. സിന്ധു വില്ലേജ് ഓഫീസറായി ചുമതലയേറ്റത് 2019 ഓഗസ്റ്റ് ഏഴിനാണെന്നുമാണ് മലപ്പുറം കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അനധികൃത ഖനനം നടന്നതായി പറയുന്നുണ്ടെങ്കിലും ആരാണ് ഉത്തരവാദിയെന്നു വ്യക്തമാക്കാത്തതിനാല്‍ കളക്ടറുടെ റിപ്പോര്‍ട്ട് വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്നു കണ്ട് ഈ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറെ നിയോഗിച്ചു. രണ്ടു ജീവനക്കാര്‍ക്കും അനുകൂലമായ റിപ്പോര്‍ട്ടാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറും സമര്‍പ്പിച്ചത്.
വില്ലേജ് ഓഫീസര്‍ എന്ന നിലയില്‍ എ.പി. സിന്ധുവിന്റെ സേവനം സംബന്ധിച്ച് നല്ല അഭിപ്രായമാണ് ഉള്ളതെന്നും അവര്‍ മനഃപൂര്‍വം അനധികൃത ഖനനത്തിനു കൂട്ടുനിന്നുവെന്നു കരുതാന്‍ കഴിയില്ലെന്നും ഖനന പ്രവര്‍ത്തനങ്ങള്‍ തടയുന്ന കാര്യത്തില്‍ വില്ലേജ് ഓഫീസര്‍ക്കുള്ള ഉത്തരവാദിത്തം അതാത് അധികാര പരിധിയിലുള്ള പോലീസ്, മൈനിംഗ് ആന്‍ഡ് ജിയോളജി തുടങ്ങിയ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്ക്കുമുണ്ടെന്നിരിക്കെ, ഒരു പൊതുജന പരാതി പോലും ലഭിക്കാത്തതായി പറയപ്പെടുന്ന കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നത് അവരുടെ മനോവീര്യം കെടുത്തുമെന്നുമാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് പരിഗണിച്ചാണ് വകുപ്പു തല നടപടിയില്‍ നിന്നും ജീവനക്കാരെ ഒഴിവാക്കിയത്.