ഇഎസ്എയില്‍ മലയോര ജനതയുടെ ആശങ്കയകറ്റണം: കര്‍ഷക കോണ്‍ഗ്രസ്
1465200
Wednesday, October 30, 2024 8:05 AM IST
കോഴിക്കോട്: പരിസ്ഥിതി ലോല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ആറാം കരട് വിജ്ഞാപനം മലയോര ജനതയിലുണ്ടാക്കിയ ആശങ്കയകറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.
ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി സംരക്ഷിത വനപ്രദേശങ്ങളും റിസര്‍വ് വനങ്ങളും ഉള്‍പ്പെടുന്ന 98 വില്ലേജുകളിലെ 8656.46 ചതുരശ്ര കിലോമീറ്റർ ഇഎസ്എ പരിധിയായി പ്രഖ്യാപിക്കണമെന്ന കേരള സര്‍ക്കാരിന്റെ ശിപാര്‍ശ കരട് വിജ്ഞാപനത്തില്‍ ഇടം പിടിച്ചിട്ടില്ല. പകരം 131 വില്ലേജുകളിലെ 9993.7ചതുരശ്ര കിലോമീറ്റർ കേരളത്തില്‍ ഇഎസ്എ ആക്കണമെന്ന നിലപാടില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ച കരടു വിജ്ഞാപനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
കൂടാതെ 2018 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രൊപ്പോസലുകള്‍ അംഗീകരിച്ചുകൊണ്ടുള്ള യാതൊരു ഉത്തരവുകളും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നല്‍കിയിട്ടില്ല. ഇതു ജനങ്ങളെ കൂടുതല്‍ ആശങ്കയിലും പരിഭ്രാന്തിയിലും ആക്കിയിരിക്കുന്നു. കരട് വിജ്ഞാപനത്തില്‍ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും പ്രൊപ്പോസലുകള്‍ കെടസ്ട്രല്‍ മാപ്പുകള്‍ അടക്കം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ കേരളത്തിന്റ് മാപ്പ് നല്‍കിയിട്ടില്ല. പകരം കേരളത്തിന്റെ കാര്യത്തില്‍ അത് കേരള ബയോ ഡൈവേഴ്സിറ്റി ബോര്‍ഡിന്റെ വെബ്സൈറ്റില്‍ ഉണ്ടെന്നാണ് വിജ്ഞാപനത്തില്‍ ഉള്ളത്.
ഗ്രൗണ്ട് ട്രൂത്തിംഗും ഫീല്‍ഡ് വെരിഫിക്കേഷനും നടത്തിയ ജിയോ കോഡിനേറ്റ് മാപ്പ് നിരവധി തവണ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പലതവണ സമയം നീട്ടി നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് യഥാവിധി നല്‍കിയിട്ടില്ല. ഇതുവരെ നല്കിയതെല്ലാം തട്ടിക്കൂട്ടി ഉണ്ടാക്കിയ റിപ്പോര്‍ട്ടുകളാണ്. ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരിന്റെ അലംഭാവം മൂലം ജനങ്ങള്‍ തീര്‍ത്തും ആശങ്കാകുലരായിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.