ജൽജീവൻ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കിയില്ല
1465209
Thursday, October 31, 2024 12:19 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ജൽജീവൻ മിഷൻ ശുദ്ധജല പദ്ധതിക്കായി പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കാത്തതിൽ ആക്ഷേപം. പദ്ധതിയുടെ പ്രവൃത്തി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് അറ്റകുറ്റപ്പണി നടത്താൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്നാണ് പരാതി.
കാലങ്ങൾ കാത്തിരുന്ന് ടാറിംഗ് നടത്തിയ നല്ല റോഡുകളാണ് ഇത്തരത്തിൽ വെട്ടിപ്പൊളിച്ച് ഗതാഗത യോഗ്യമല്ലാത്ത നിലയിലായത്. പദ്ധതിക്കായി റോഡ് പൊളിക്കുന്നവർക്ക് തന്നെ റോഡ് പൂർവ സ്ഥിതിയിലാക്കാൻ ഉത്തരവാദിത്വമുണ്ടെങ്കിലും ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചു കാണുന്നില്ല.
ഗ്രാമപഞ്ചായത്ത് ഭരണ സമിതി വേണ്ട രീതിയിൽ കർശനമായി ഇടപെടൽ നടത്താത്തതു കൊണ്ടാണ്റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തതെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. പൊളിച്ച റോഡുകൾ ഉടൻ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ.പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ, തോമസ് പുന്നമറ്റത്തിൽ, വിനു മ്ലാക്കുഴിയിൽ, രമ ബാബു എന്നിവർ പ്രസംഗിച്ചു.