പാതയോരത്ത് മാലിന്യം തള്ളിയ ഹോട്ടൽ ഉടമയ്ക്ക് 13000 രൂപ പിഴ ചുമത്തി
1465496
Friday, November 1, 2024 1:19 AM IST
ചക്കിട്ടപാറ: ഗ്രാമപഞ്ചായത്തിലെ വാർഡ് 14 ൽ പെട്ട മുക്കവല-വളയം കണ്ടം പാതയോരത്ത് മാലിന്യം തള്ളിയ പേരാമ്പ്ര മില്ലേനിയം ഹോട്ടൽ ഉടമയ്ക്ക് 13000 രൂപ പിഴയിട്ട് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത്.
നെല്ലാനിപടി പരിസരത്താണ് ഞായറാഴ്ച രാത്രി ഹോട്ടലിലെ മാലിന്യ ശേഖരം വാഹനത്തിൽ കൊണ്ടു വന്ന് തള്ളിയത്.
വീടുകളും കിണറുകളും ഉള്ള ഭാഗമാണിത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്തധികൃതരും പെരുവണ്ണാമൂഴി ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തു വന്നു പരിശോധന നടത്തി.
ആരോഗ്യ വകുപ്പ് ചക്കിട്ടപാറ പഞ്ചായത്തിന് റിപ്പോർട്ട് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്. പ്രസിഡന്റ് കെ. സുനിൽ, സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. ശശി, വാർഡ് മെമ്പർ വിനീത് മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഹരിത കർമ സേനാംഗങ്ങൾ മാലിന്യം പാതയോരത്തു നിന്ന് നീക്കി.