കനാൽ കൈയേറ്റത്തിനെതിരേ കസബ വില്ലേജ് ഓഫീസില്‍ പ്രതിഷേധം
1465195
Wednesday, October 30, 2024 8:05 AM IST
കോഴിക്കോട്: കല്ലായ് പുഴ സംരക്ഷണത്തിന് സര്‍ക്കാര്‍ പതിമൂന്ന് കോടിയോളം രൂപ ചിലവഴിച്ച് നവീകരണ പ്രവൃത്തി ആരംഭിച്ചിരിക്കെ പുഴയോട് ചേര്‍ന്ന പുതിയപാലം ചമ്പകംതാഴത്ത് കനോലി കനാലിന്റെ കരയില്‍ മണ്ണിട്ട് നികത്തി വന്‍തോതില്‍ കൈയേറ്റം. ഇതിനെതിരേ കല്ലായ് പുഴ സംരക്ഷണ സമിതി കസബ വില്ലേജ് ഓഫീസില്‍ എത്തി പ്രതിഷേധിച്ചു.
സര്‍ക്കാര്‍ ഭൂമിസംരക്ഷിക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് കൈയേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടാണെന്നും സ്മാര്‍ട്ട് കസബ വില്ലേജ് ഓഫീസ് കൈയേറ്റക്കാരെ സഹായിക്കുകയാണെന്നും കല്ലായ് പുഴ സംരക്ഷണ സമിതി അരോപിച്ചു. പരാതി നല്‍കിയതിന് ശേഷം വീണ്ടും 25 ലോഡ് മണല്‍ കനാല്‍ തീരത്തെ കൈയേറ്റ സ്ഥലത്ത് തള്ളിയതായി സമിതി ആരോപിച്ചു.
30 സെന്റിലധികം സ്ഥലം മണ്ണിട്ട് നികത്തിയിട്ടുണ്ട്. നേരത്തെ കനാലിലെ വെള്ളം റോഡ് വരെ എത്തിയിരുന്ന സ്ഥലത്ത് തടിമരം വെള്ളത്തിലേക്ക് ഇറക്കുന്ന സ്ഥലമാണ് മണ്ണിട്ട് നികത്തിയിരിക്കുന്നത്. ഇത് തീരദേശ പരിപാലന നിയമ ലഘംനമാണെന്നും കൈയേറ്റം സംബന്ധിച്ച് കളക്ടര്‍ക്ക് പരാതി നല്‍കുമെന്നും സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ഫൈസല്പള്ളിക്കണ്ടി, പി.പി. ഉമ്മര്‍കോയ , പ്രദീപ് മാമ്പറ്റ, ടി.എ.സി. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് കസബ വില്ലേജ് ഓഫീസിലെത്തി പ്രതിഷേധിച്ചത്. .