തെരഞ്ഞെടുപ്പില്‍ പിന്തുണക്കായി സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തി: അമീര്‍
1465204
Wednesday, October 30, 2024 8:05 AM IST
കോഴിക്കോട്: വിവിധ തെരെഞ്ഞടുപ്പുകളില്‍ പിന്തുണ തേടുന്നത് സംബന്ധിച്ച് സിപിഎം നേതാക്കള്‍ തങ്ങളുടെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ പി.മുജീബ് റഹ്മാന്. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ഗസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും അന്നത്തെ അമീര്‍ ആരിഫലിയുമാണ് ചര്‍ച്ച നടത്തിയതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയ്ക്കാണ് ജമാഅത്തെ ഇസ്ലാമി പിന്തുണ നല്‍കിയത്. സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്താതെ ഒരിക്കലും പിന്തുണ നല്‍കിയിട്ടില്ല. ജമാഅത്തെ ഇസ്ലാമിക്ക് ആഗോള ഭീകരവാദവുമായി ബന്ധമുണ്ടെങ്കില്‍ എന്തിനാണ് തങ്ങളുമായി സിപിഎം ബന്ധം പുലര്ത്തിയെതന്ന് അമീര്‍ ചോദിച്ചു. സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ ശ്രദ്ധതിരിച്ചുവിടാനുള്ള നീക്കമാണ് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം കോഴിക്കോട്ടു നടത്തിയ പ്രസംഗം.
തന്റെ കുടുംബം അകപ്പെട്ട പ്രതിസന്ധിയില്‍നിന്ന് രക്ഷിക്കാന്‍ മുസ്ലിം സമുദായത്തെ മുന്‍നിര്‍ത്തി അപകടകരമായ നീക്കം മുഖ്യമന്ത്രി നടത്തുകയാണ്. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്തിനാണെന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ല. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട പ്രശ്നം സംബന്ധിച്ച് ത്രിതല അന്വേഷണം നടക്കുമ്പോള്‍ പൂരംകലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. മദനി തീവ്രവാദം പ്രചരിപ്പിച്ചതായി ആരോപിച്ച മുഖ്യമന്ത്രിയും ജയരാജനും എന്തിനാണ് അദ്ദേഹവുമായി വേദി പങ്കിട്ടതെന്ന് വ്യക്തമാക്കണം.