അനധികൃത ക്വാറികള്‍ തടയാന്‍ സബ് കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി
1465189
Wednesday, October 30, 2024 8:05 AM IST
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സബ്കളക്ടര്‍ ഹര്‍ഷില്‍ ആര്. മീണയുടെ നേതൃത്വത്തില്‍ കോഴിക്കോട് താലൂക്കിലെ വിവിധ ക്വാറികളില്‍ പരിശോധന നടത്തി. തദ്ദേശ സ്വയംഭരണം, മൈനിംഗ് ആന്‍ഡ് ജിയോളജി, പോലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങിയ സംഘം കൊടിയത്തൂര്‍ മേഖലയിലെ ക്വാറികളിലാണ് പരിശോധന നടത്തിയത്.
ക്വാറികളുടെ ഖനനാനുമതി, എക്സ്പ്ലോസീവ് ലൈസന്‍സ്, പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട്, നിയമപരമായി സ്ഥാപിക്കേണ്ട ജിപിഎസ് റീഡിംഗ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍, ക്വാറിയുടെ അതിരുകളില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ഫെന്‍സിംഗ് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. സംഘം രേഖകള്‍ പരിശോധിക്കുകയും ഖനന സൈറ്റുകളിലെത്തി മൈനിംഗ് പ്ലാന്‍ പ്രകാരമുള്ള കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തുകയും ചെയ്തു.
പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്ര റിപ്പോര്‍ട്ട് തയാറാക്കി ജില്ലാ കളക്ടര്‍ക്ക് ഉടന്‍ നല്‍കും. ക്വാറിയില്‍ ജോലിചെയ്യുന്നവരുടെ വിവരങ്ങള്‍, പരിചയം, വിവിധ ലൈസന്‍സില്‍ നിര്‍ദേശിച്ച നടപടിക്രമങ്ങളുടെ പാലനം എന്നിവയും സംഘം വിലയിരുത്തി. കോഴിക്കോട് താലൂക്കില്‍ മാത്രം 36ല്‍പ്പരം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരം, ക്വാറികളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥതല സംഘം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, വടകര ആര്‍ഡിഒമാരുടെ നേതൃത്വത്തില്‍ വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി ജില്ലയില്‍ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാതല കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.
അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം തടയുന്നതിനും ക്വാറികളുമായി ബന്ധപ്പെട്ട പരാതികളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് കമ്മിറ്റി രൂപീകരിച്ചത്. പരിശോധനക്ക് സബ് കളക്ടര്‍ ഹര്‍ഷില്‍ മീണയോടൊപ്പം തദ്ദേശസ്വയംഭരണവകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ പൂജലാല്‍, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി. ഷാഹുല്‍ ഹമീദ്, മൈനിംഗ് ആന്‍ഡ് ജിയോളജിക്കല്‍ അസിസ്റ്റന്റ് ശ്രുതി, ആര്. രേഷ്മ, മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അസി. എന്‍ജിനീയര്‍ കെ. ബിജേഷ്, മുക്കം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത്, തദ്ദേശസ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥന്മാരായ ഷനില്‍കുമാര്‍, പത്മകുമാര്‍, രതിദേവി, മനീഷ് എന്നിവരും പങ്കെടുത്തു.