ദേവഗിരി കോളജിലെ നവീകരിച്ച സുവോളജി മ്യൂസിയം തുറന്നു
1465221
Thursday, October 31, 2024 12:59 AM IST
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ പുരാതനവും വൈവിധ്യപൂര്‍ണവുമായ സുവോളജി മ്യൂസിയം കോളജിലെ സുവോളജി വിഭാഗം അലുമ്നി അംഗങ്ങളുടെ സഹായത്തോടെ നവീകരിച്ചു. കോളജില്‍ ഒത്തുകൂടിയ സുവോളജി അലുമ്നി അംഗങ്ങള്‍ക്കു മുന്നില്‍ സുവോളജി വിഭാഗം അധ്യാപകനും പ്രിന്‍സിപ്പലുമായ ഡോ. ബോബി ജോസാണ് മ്യൂസിയം നവീകരണം എന്ന ആശയം മുന്നോട്ടുവച്ചത്. ചെറുതും വലുതുമായ സംഭാവനകള്വഴി നവീകരണത്തിനുവേണ്ട ആറു ലക്ഷം രൂപ സ്വരൂപിക്കാനായി.
നവീകരിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനം സുവോളജി പൂര്‍വ വിദ്യാര്‍ഥി കൂടിയായ മണ്ണാര്‍ക്കാട് ഡിഎഫ്ഒ സി.അബ്ദുള്‍ ലത്തീഫ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോളജ് മാനേജര്‍ ഫാ. ബിജു കെ. ഐസക്, പ്രിന്‍സിപ്പല്‍ ഡോ.ബോബി ജോസ്, വകുപ്പ് മേധാവി ഡോ. പി.ജെ.വിനീഷ്, ഡോ. ജോര്‍ജ് മാത്യു, കോളജ് അലുംനി അസോസിയേഷന് സെക്രട്ടറി പ്രഫ. ഇ.കെ. നന്ദഗോപാല്‍, അലുമ്നി കോ ഓര്‍ഡിനേറ്റര്‍ പ്രഫ. ചാര്‍ലി കട്ടക്കയം, സുവോളജി അലുമ്നി അസോസിയേഷന് പ്രസിഡന്റ് എസ്. ജയകൃഷ്ണന്, ഡോ. പി. അശ്വതി എന്നിവര്‍ പ്രസംഗിച്ചു.
എഴുനൂറോളം ജീവജാലങ്ങളുടെ ലേബല്‍ ചെയ്ത സാമ്പിളുകള്‍ മ്യൂസിയത്തിലുണ്ട്. തിമിംഗലത്തിന്റെ അസ്ഥികൂടം, മുള്ളെലി, പുള്ളിപ്പുലി എന്നിവയുടെ തോലുകള്‍, വിവിധതരം പാമ്പുകള്‍, മറ്റ് ഇഴജന്തുക്കള്‍, മീനുകള്‍, പക്ഷികള്‍, പൂമ്പാറ്റകള്‍, കടലാമ, ചിപ്പികള്‍, പവിഴപ്പുറ്റുകള്‍ എന്നിവയെല്ലാം മ്യൂസിയത്തിലുണ്ട്. കോളജിലെ ഗവേഷകരും ഗവേഷണവിദ്യാര്‍ഥികളും ചേര്‍ന്നു കണ്ടെത്തിയ 32 ഇനം വണ്ടുകളും ഇവിടെയുണ്ട്.
പൂര്‍ണമായി ഡിജിറ്റൈസ് ചെയ്ത ഈ മ്യൂസിയത്തിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ മുഴുവന്‍ സാമ്പിളുകളുടെയും പൂര്‍ണവിവരം ലഭിക്കും. എല്ലാവര്‍ഷവും നടത്തുന്ന സുവോളജി ഫെസ്റ്റിനോടനുബന്ധിച്ച് മ്യൂസിയം പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരം കൊടുക്കുന്നുണ്ട്. മുന്‍കൂട്ടി അനുവാദം വാങ്ങിയാല്‍ മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും മ്യൂസിയം കാണാന്‍ സൗകര്യമൊരുക്കുമെന്ന് വകുപ്പുമേധാവി ഡോ. പി.ജെ. വിനീഷ് അറിയിച്ചു.