ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ എക്സ്പ്രസ് സമയം പുനഃക്രമീകരിക്കരുത്: എം.കെ. രാഘവന് എംപി
1465201
Wednesday, October 30, 2024 8:05 AM IST
കോഴിക്കോട്: ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ സ്പെഷല്‍ എക്സ്പ്രസ്, ഷൊര്‍ണ്ണൂരിനും കോഴിക്കോടിനുമിടയിലുള്ള നിലവിലെ സമയക്രമത്തില്‍ തന്നെ സര്‍വ്വീസ് തുടരണമെന്ന് എം.കെ. രാഘവന് എംപി സതേണ്‍ റെയില്‍വേ ജനറല്‍ മാനേജരോട് ആവശ്യപ്പെട്ടു. നവംമ്പര്‍ മുതല്‍ ട്രെയിനിന്റെ ഷൊര്‍ണ്ണൂരിനും കോഴിക്കോടിനുമിടയിലുള്ള സമയം 40 മിനുട്ട് നേരത്തെ പുറപ്പെടുന്ന രീതിയില്‍ ക്രമീകരിക്കുമെന്ന് റെയില്‍വേയുടെ ഭാഗത്ത് നിന്ന് അറിയിപ്പുണ്ടായ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് എംപി വിഷയത്തില്‍ ഇടപെട്ടത്.
നിലവില്‍ 3.40 ന് ഷൊര്‍ണ്ണൂരില്‍നിന്ന് പുറപ്പെടുന്ന ട്രെയിൻ മൂന്നിന് പുറപ്പെടുന്ന രീതിയില്‍ ക്രമീകരണം നടത്തുമെന്നാണ് അറിയിപ്പ്. ഇത് ഷൊര്‍ണ്ണൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള വിദ്യാര്‍ഥികള്‍, ജോലിക്കാര്‍ ഉള്‍പ്പെടെയുള്ള സ്ഥിരം യാത്രക്കാരെ സാരമായി ബാധിക്കുമെന്ന് എംപി വ്യക്തമാക്കി.
കോഴിക്കോടെത്തുന്ന ഈ ട്രെയിന്‍ നിലവിലെ സമയക്രമമനുസരിച്ച് തന്നെ കണ്ണൂരേക്ക് പുറപ്പെടുകയും ചെയ്യുമെന്നതിനാല്‍ സമയമാറ്റം കൊണ്ട് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നതല്ലാതെ ഗുണപ്രദമായ ഒന്നുമില്ല. സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് പുറമേ പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജരോടും നിലവിലെ സമയക്രമം നിലനിര്‍ത്താന്‍ എംപി ആവശ്യപ്പെട്ടു.