ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരം: സംഘാടക സമിതി രൂപീകരിച്ചു
1465232
Thursday, October 31, 2024 12:59 AM IST
കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും കേരള നോളജ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരുലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാൻ ഉദ്ദേശിച്ചുകൊണ്ട് നടപ്പാക്കുന്ന സമന്വയം പദ്ധതിയുടെ ജില്ലാതല മേള ജില്ലയിൽ നവംബർ അവസാനവാരം സംഘടിപ്പിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സമന്വയം ആലോചനയോഗത്തിലാണ് തീരുമാനം. ന്യൂനപക്ഷ കമ്മീഷന് അംഗം പി. റോസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമന്വയം ജില്ലാതല പരിപാടിയുടെ സംഘാടകസമിതി രൂപീകരിച്ചു.
ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ഡോ. പി.പി. അബ്ദുള്‍ റസാഖ് കണ്‍വീനറായും ജോസ് പ്രകാശ് ആന്റണി ചെയര്‍മാനായും പി.കെ. അബ്ദുള്‍ ലത്തീഫ്, കെ.കെ. ഷമീം എന്നിവർ വൈസ് ചെയര്മാൻമാരായും എ.എക്സ്. നൈജു, ജോണി ജോസഫ് എന്നിവർ ജോയിന്റ് കണ്‍വീനര്‍മാരായുമുള്ള സംഘാടകസമിതിയാണ് രൂപീകരിച്ചത്.
യോഗത്തിൽ കേരള നോളജ് ഇക്കോണോമി റീജിയണല്‍ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്, ജില്ലാ പ്രോഗ്രാം മാനേജര്‍ എം.പി. റെഫ്സീന, ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ഡോ. പി.പി. അബ്ദുള്‍ റസാഖ്, ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവർ പങ്കെടുത്തു.
18 നും 50 വയസിനും ഇടയിലുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ള അഭ്യസ്തവിദ്യരായവർക്കായി സർക്കാരിതര മേഖലകളിലും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ തൊഴിൽ രജിസ്ട്രേഷൻ ക്യാമ്പ് സമന്വയം നടത്തുന്നത്.