മുക്കം പോലീസ് സ്റ്റേഷൻ നിർമാണം പാതിവഴിയിൽ നിലച്ചു
1465498
Friday, November 1, 2024 1:19 AM IST
മുക്കം: ആഭ്യന്തര വകുപ്പ് അനുവദിച്ചിരുന്ന തുക കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പിൻവലിച്ചതോടെ മുക്കം പോലീസ് സ്റ്റേഷൻ നിർമാണം പാതിവഴിയിൽ നിലച്ചു.
അഞ്ചു കോടിയോളം രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന, സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാമായിരുന്ന കെട്ടിടത്തിന്റെ പ്രവൃത്തിയാണ് പാതിവഴിയിൽ നിലച്ചത്. കെട്ടിട നിർമാണത്തിനായി ആഭ്യന്തര വകുപ്പ് അനുവദിച്ചിരുന്ന 1.98 കോടി രൂപ, കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ പിൻവലിച്ചതാണ് തിരിച്ചടിയായത്.
ആഭ്യന്തര വകുപ്പ് അനുവദിച്ച തുകയും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച രണ്ടേകാൽ കോടി രൂപയും ഉപയോഗിച്ച് കെട്ടിടം നിർമിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ചാണ് അഞ്ചുകോടിയോളം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയതും പ്രവൃത്തി ഉദ്ഘാടനം നടത്തിയതും. പക്ഷേ, സാമ്പത്തിക സ്ഥിതി മോശമായതോടെ ആഭ്യന്തര വകുപ്പ് അനുവദിച്ച തുക പിൻവലിക്കുകയായിരുന്നു. പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞതിനാൽ, എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച തുക ഉപയോഗിച്ച് കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ഈ തുക കഴിഞ്ഞതോടെയാണ് പ്രവൃത്തി നിർത്തിവച്ചത്.
നിലവിലെ കെട്ടിടത്തിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. സീലിംഗ് അടർന്നു വീഴുന്നത് പതിവാണ്. പലപ്പോഴും തലനാരിഴക്കാണ് പോലീസുകാരും പല ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവരും രക്ഷപ്പെടുന്നത്. 12,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ കെട്ടിടത്തിന്റെ ആദ്യ നിലയിൽ മൂന്ന് ലോക്കപ്പുകളും സ്റ്റേഷൻ ഓഫീസർക്കുള്ള മുറിയുമാണുള്ളത്. ഒന്നും രണ്ടും നിലകൾക്ക് മേൽക്കൂര നിർമിച്ച് മേൽക്കൂരയിൽ മൺ ടൈലുകൾ പാകാനും മുകളിലെ നിലയിൽ ഡിവൈഎസ്പി, ഇൻസ്പെക്ടർ, എസ്ഐ എന്നിവർക്കുള്ള ഓഫീസ് മുറി, വനിത പോലീസുകാർക്കുള്ള മുറി, കംപ്യൂട്ടർ റൂം, ഓഡിറ്റോറിയം എന്നിവ നിർമിക്കാനുമായിരുന്നു പദ്ധതി. പടവും കോൺക്രീറ്റും തേയ്പ്പും കഴിഞ്ഞപ്പോഴേക്ക് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച തുക കഴിഞ്ഞു. വയറിംഗ്, പെയിന്റിംഗ്, ടൈൽസ് വിരിക്കൽ, മിനുക്കുപണികൾ തുടങ്ങി രണ്ടു കോടിയോളം രൂപയുടെ പ്രവൃത്തി ഇനിയുമുണ്ട്.
2017 ലെ സംസ്ഥാന ബജറ്റിൽ പുതിയ കെട്ടിടത്തിന് രണ്ടേകാൽ കോടി രൂപ വകയിരുത്തിയിരുന്നു. ഭരണാനുമതിയും സാങ്കേതികാനുമതിയും നേടി പ്രവൃത്തി ആരംഭിക്കാനിരിക്കെ വന്ന സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് പ്രവൃത്തി നീണ്ടു പോവുകയായിരുന്നു. പുതുതായി നിർമിക്കുന്ന പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളിൽ മൂന്ന് ലോക്കപ്പുകൾ വേണമെന്ന സുപ്രീം കോടതി നിർദ്ദേശമാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ്ജെൻഡേഴ്സിനും വെവ്വേറെ ലോക്കപ്പുകൾ വേണമെന്നായിരുന്നു പുതിയ മാർഗ നിർദ്ദേശം. ഈ മാർഗ നിർദ്ദേശമനുസരിച്ച് പ്ലാൻ മാറ്റി വരച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. നിലവിലെ പോലീസ് സ്റ്റേഷൻ കെട്ടിടം പൊളിയ്ക്കാതെ തൊട്ടു പിന്നിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുക.
ഇനി എത്രനാൾ
ഏറെ നാളത്തെ മുറവിളികൾക്കൊടുവിലാണ് മുക്കം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കാൻ തുക അനുവദിച്ചത്. ചോർന്നൊലിച്ച്, വിണ്ടു കീറിയ ചുമരുകൾക്കും പൊട്ടിപ്പൊളിഞ്ഞ തറയ്ക്കും നടുവിലിരുന്നാണ് പോലീസുകാർ ജോലി ചെയ്യുന്നത്. പ്രവൃത്തി നിലച്ചതോടെ ഇനി എത്ര നാൾ ദുരിതം സഹിച്ച് പണിയെടുക്കണമെന്ന് പോലീസുകാർ ചോദിക്കുന്നു. പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ് വിഭാഗമാണ് കെട്ടിടം ഡിസൈൻ ചെയ്തിരിക്കുന്നത്. കേരളീയ വാസ്തു ശിൽപ്പകലയേയും ആധുനിക സംവിധാനങ്ങളും കോർത്തിണക്കിയാണ് കെട്ടിടത്തിന്റെ പ്ലാൻ തയാറാക്കിയിരിക്കുന്നത്.