ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ പ്രതിദിന സര്‍വീസാക്കി
1465517
Friday, November 1, 2024 1:19 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഉല്‍സവ കാലത്തെ തിരക്കൊഴിവാക്കാന്‍ കോച്ചുകള്‍ കൂട്ടിയും ഷൊര്‍ണൂര്‍- കണ്ണൂര്‍ സ്പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ പ്രതിദിന സര്വീസാക്കിയും റെയില്‍വേ. ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ പ്രതിദിന സര്‍വീസായി ഡിസംബര്‍ 31 വരെയാണ് തുടരുക. നവംബര്‍ ഒന്നുമുതല്‍ സര്‍വീസുകള്‍ ആരംഭിക്കും.
ആഴ്ചയില്‍ നാല് ദിവസം മാത്രമുണ്ടായിരുന്ന സര്‍വീസാണ് ഏഴ് ദിവസമാക്കിയത്. ഈ മാസം സര്‍വീസ് അവസാനിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. കൂടാതെ പയ്യോളിയില്‍ സ്റ്റോപ്പുമുണ്ട്. നേരത്തെ പയ്യോളിയില്‍ രണ്ട് ദിവസം സ്റ്റോപ്പ് അനുവദിച്ചിരുന്നെങ്കിലും പിന്നീട് എടുത്തുകളയുകയായിരുന്നു.
പാസഞ്ചര്‍ ട്രെയിനുകളുടെ എണ്ണം വെട്ടിക്കുറച്ചതും വന്ദേഭാരത് ട്രെയിനുകള്‍ക്കായി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നതും യാത്രക്കാര്‍ക്ക് ഇരട്ടി പ്രഹരമായിരുന്നു സമ്മാനിച്ചിരുന്നത്. ഷൊര്‍ണൂര്‍- കണ്ണൂര്‍ സ്പെഷല്‍ പാസഞ്ചര്‍ പ്രതിദിന സര്വീസാക്കുന്നതോടെ യാത്രക്കാരുടെ തിരക്കിന് ആശ്വാസമാകും. കോഴിക്കോട്ടുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വൈകുന്നേരം ആറ് കഴിഞ്ഞാല്‍ ട്രെയിനുകളില്ലാത്ത സ്ഥിതിയായിരുന്നു.
എല്ലാ ദിവസവും മംഗളൂരു-നാഗര്‍കോവില്‍ പരശുരാം എക്സ്പ്രസിലുള്ള യാത്ര സ്ഥിരം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായിരുന്നു. കാലു കുത്താന്‍ ഇടമുണ്ടാകാതെയാണ് പലപ്പോഴും യാത്ര. മാത്രവുമല്ല യാത്രക്കാര്‍ കുഴഞ്ഞു വീഴുന്നതും പതിവ് സംഭവമായിരുന്നു.
വൈകീട്ട് 6.15നുള്ള കോയമ്പത്തൂര്‍ കണ്ണൂര്‍ എക്സ്പ്രസ് പോയാല്‍ പിന്നെ കണ്ണൂര്‍ ഭാഗത്തേക്ക് വണ്ടിയുള്ളത് രാത്രി 9.32 നുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസാണ്. വന്ദേഭാരത് വന്നതോടെ ഈ വണ്ടി പിടിച്ചിടുന്നത് പതിവായതോടെ എക്സിക്യുട്ടീവ് എക്സ്പ്രസ് കോഴിക്കോട്ടെത്തുക ഒന്നും രണ്ടും മണിക്കൂര്‍ വൈകിയാണ്.
6.10ന് കോഴിക്കോടെത്തുന്ന നേത്രാവതി എക്സ്പ്രസിന് ആകെ രണ്ട് ജനറല്‍ കമ്പാര്‍ട്ട്മെന്റുള്ളതും നിത്യേന യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരെ പ്രയാസത്തിലാക്കുന്ന
താണ്.
പുതുക്കിയ ട്രെയിന്‍ സമയം
ഷൊര്‍ണൂരില്‍നിന്ന് കണ്ണൂരിലേക്ക് ഷോര്‍ണൂര്‍(3)പട്ടാമ്പി (3:15 ), കുറ്റിപ്പുറം (3.34), തിരൂര്‍ ( 4:5), താനൂര്‍ (4:16), പരപ്പനങ്ങാടി (4:24), ഫറൂഖ് (4: 41), കോഴിക്കോട് (5: 25) , കൊയിലാണ്ടി (5.34), പയ്യോളി (6:5), വടകര (6:13,) മാഹി (6:27), തലശ്ശേരി (6:41),കണ്ണൂര്‍ (7:25) കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് കണ്ണൂര്‍ (8:10), തലശേരി (8:25), മാഹി (8:36), വടകര (8:47), പയ്യോളി (8:57), കൊയിലാണ്ടി (9:09), കോഴിക്കോട് (9:45) , ഫറൂഖ് (10:05), പരപ്പനങ്ങാടി (10: 17), താനൂര്‍ (10:26), തിരൂര്‍ (10:34), കുറ്റിപ്പുറം (10:49) , പട്ടാമ്പി (1:01),ഷോര്‍ണൂര്‍(11.45).
ദീപാവലി അവധി തിരക്കൊഴിവാക്കാന്‍ മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്സ്പ്രസിന് മൂന്നിന് ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ചും തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍ - മംഗളൂരു സെന്‍ട്രല്‍ മാവേലി എക്സ്പ്രസിന് നാലിന് ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ചുമാണ് താല്‍ക്കാലികമായി നല്‍കുക.