രാഹുൽഗാന്ധിയുടെ കൈത്താങ്ങില്‍ വീടായി, മക്കളെ ചേര്‍ത്തണച്ച് സഹോദരിയും
1465203
Wednesday, October 30, 2024 8:05 AM IST
മുക്കം: രണ്ട് ഭിന്നശേഷിക്കാരായ മക്കളുടെ അമ്മയായ സിജിയെ കാണാൻ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെത്തി. മുക്കം നഗരസഭയിലെ കല്ലുരുട്ടിയിലെ വീട്ടിലെത്തിയാണ് സിജിയെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചത്. നിലാലംബരായവർക്ക് വീട് നിർമിച്ചു നൽകുന്ന രാഹുൽഗാന്ധിയുടെ കൈത്താങ്ങ് പദ്ധതിയിലൂടെയാണ് സിജിക്ക് വീട് ലഭിച്ചത്.
മൂന്ന് കുട്ടികളുള്ള സിജിയുടെ രണ്ടു കുട്ടികളും ഭിന്നശേഷിക്കാരാണ്. ഭർത്താവ് ഉപേക്ഷിച്ചു പോയ സിജി പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയാണ് ഭിന്നശേഷിക്കാരായ രണ്ട് മക്കളുൾപ്പടെ മൂന്ന് കുട്ടികളെ വളർത്തിയത്. മക്കളായ ജിബിന, ജിബിൻ, ജിൽന എന്നിവരെ ചേർത്തണച്ച പ്രിയങ്ക പ്രതിസന്ധികളിൽ തളരരുതെന്നും കൂടെയുണ്ടാകുമെന്നും സിജിക്ക് ഉറപ്പു നൽകി.
പ്രിയങ്ക ഗാന്ധിയെ കാണണം എന്നുള്ളത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നുവെന്നും അവർ നൽകിയ പിന്തുണയും സ്നേഹവും വാക്കുകൾക്ക് അതീതമാണെന്നും സിജി പറഞ്ഞു.
അപ്രതീക്ഷിതമായി എത്തിയ പ്രിയങ്ക ഗാന്ധിയെ കാണാൻ നാട്ടുകാർ തടിച്ചു കൂടുകയും ചെയ്തു. അരീക്കോട്ടേക്കുള്ള യാത്രാമധ്യേ നെല്ലിക്കാപറമ്പിൽ കാത്തുനിൽക്കുകയായിരുന്ന ലൗഷോർ സ്പെഷൽ സ്കൂൾ വിദ്യാർഥികളെയും പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. കുശലാന്വേഷണങ്ങൾ നടത്തിയും ചേർത്തണച്ചും പ്രിയങ്ക ഗാന്ധി വിദ്യാർഥികളുമായി സംവദിച്ചു.
സ്വന്തം ലേഖകന്‍