ആരോഗ്യരംഗത്ത് ഒന്നാമത് എത്താൻ സ്വകാര്യസംരംഭങ്ങളും പങ്കുവഹിച്ചു: മന്ത്രി
1479797
Sunday, November 17, 2024 6:50 AM IST
വിഴിഞ്ഞം: പൊതുജന ആരോഗ്യ രംഗത്താണെങ്കിലും വിദ്യാഭ്യാസ മേ ഖലയിലാണെങ്കിലും കേരളം രാജ്യത്ത് തന്നെ ഒന്നാമതാണെന്നു പറയുന്നതിൽ അതിശയമില്ലെന്നു മന്ത്രി ജി.ആർ. അനിൽ. ഗാന്ധി ഫൗണ്ടേഷൻ ഫോർ ഹെൽത്ത് ആൻഡ് എഡ്യുക്കേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന വെങ്ങാനൂർ ഗാന്ധി സ്മാരക ആശുപത്രിയുടെ കനക ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഗാന്ധി സ്മാരക ആശുപത്രി പോലെ തന്നെ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സ്വകാര്യസംരംഭങ്ങളും ട്രസ്റ്റുകളുടെ കീഴിലുള്ള സഹകരണ ആശുപത്രികളും ചെറിയ ക്ലിനിക്കുകളും മെഡിക്കൽ കോളജുകളും ആരോഗ്യ രംഗത്ത് ഇന്നു കാണുന്ന വിജയത്തിനു വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ജീവൻ ഡോക്ടർമാരുടെ കൈകളിലാണ്. അതിനനുസരിച്ചൊരു ബഹുമാനവും സ്നേഹവും അവരുടെ ചികിത്സയിൽനിന്ന് ആർജിക്കാൻ കഴിയുന്ന സ്ഥിതി ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. പുതുതായി ആരംഭിക്കുന്ന ആയുർവേദ സെന്ററിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു.
ആയുർവേദ സെന്ററിന്റെ ഫലകം എം. വിൻസന്റ് എംഎൽഎ പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വെങ്ങാനൂർ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ,
ജനറൽ കൺവീനർ ഡി. അശോക് കുമാർ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി, പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, നഗരസഭ കൗൺസിലർ സിന്ധു വിജയൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. സാജൻ, റിട്ട. ജഡ്ജി ഹരിഹരൻ നായർ, റിട്ട. ഹെഡ്മാസ്റ്റർ രാമകൃഷ്ണൻ നായർ, തുടങ്ങിയവർ സംസാരിച്ചു.