എബിവിപി കോര്പറേഷന് മാര്‍ച്ചില്‍ സംഘര്‍ഷം
1479480
Saturday, November 16, 2024 6:11 AM IST
തിരുവനന്തപുരം: മദ്യശാലയ്ക്കുവേണ്ടി എസ്എംവി സ്കൂളിന്റെ പ്രവേശന കവാടം പൊളിച്ചു പണിയാന്‍ കോര്പറേഷന് അനുമതി നല്‍കിയതായി ആരോപിച്ച് കോര്പറേഷന് മേയര്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടോയാണ് പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നും പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. പ്രതിഷേധം തടയാന്‍ കോര്പറേഷന് ഗേറ്റിനു മുന്നില്‍ പോലീസ് നിലയുറപ്പിച്ചിരുന്നു.
ബാരിക്കേഡും സ്ഥാപിച്ചിരുന്നു. ഇത് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മേയര്‍ക്കുവേണ്ടി എസ്എഫ്ഐ-ഡിവൈ എഫ്ഐ പ്രവര്‍ത്തകര്‍ ഒത്താശ ചെയ്യുകയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഉദ്ഘാടന പ്രസംഗത്തിനുശേഷം പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്നു നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ് ക്കുശേഷം വിട്ടയയ്ക്കുകയും ചെയ്തു.
പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് ഗോകുല്‍, സതീര്ഥ്യന്, എ.യു. ഈശ്വരപ്രസാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.