കാഞ്ഞിരംപാറയിൽ തെരുവുനായ ശല്യത്തിന് താത്കാലിക പരിഹാരം
1479488
Saturday, November 16, 2024 6:22 AM IST
ദീപിക ഇംപാക്ട്
പേരൂർക്കട: തിരുവനന്തപുരം നഗരസഭയിലെ കാഞ്ഞിരംപാറ വാർഡിൽ തെരുവുനായ ശല്യം രൂക്ഷമായിരുന്ന ബംഗ്ലാവുവിളയിൽ ഏറെക്കുറെ പ്രശ്നപരിഹാരമായി. ഇന്നലെ 12 നായ്ക്കളെയാണ് തിരുവനന്തപുരം നഗരസഭയിലെ ഡോഗ്സ്ക്വാഡിന്റെ നേതൃത്വത്തിൽ പിടികൂടിയത്. മണ്ണാമ്മൂല, തൊഴുവൻകോട്, ബംഗ്ലാവുവിള, കാഞ്ഞിരംപാറ തുടങ്ങിയ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നതായി ദീപിക മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
നായ്ക്കളെ പിടികൂടി ശരിയായവിധത്തിൽ വന്ധ്യംകരണം നടത്താത്തതാണ് തെരുവുനായ ശല്യം പെരുകാൻ കാരണമായിരുന്നത്. മാത്രമല്ല, വന്ധ്യംകരണം നടത്തപ്പെടുന്ന നായ്ക്കളെ മറ്റൊരു പ്രദേശത്ത് കൊണ്ടുവിടുന്നത് പ്രശ്നം സൃഷ്ടിച്ചിരുന്നു.
ബംഗ്ലാവുവിളയിൽ നിന്ന് അഞ്ച് നായ്ക്കളെ പിടികൂടിയതിനുശേഷം അതിന്റെ ഇരട്ടിയോളം നായ്ക്കളെ തിരികെ കൊണ്ടുവിട്ടതിനെതിരേ പ്രദേശവാസികൾ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ഇതോടെ പ്രദേശത്തെ കാടുപിടിച്ച ഭാഗത്തും പാലത്തിനു സമീപവും ജനവാസ കേന്ദ്രങ്ങളിലും തെരുവുനായ്ക്കൾ തമ്പടിക്കുകയും ജനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുകയും ചെയ്്തത് പരാ തികൾക്ക് ഇടയാക്കിയിരുന്നു.
ബംഗ്ലാവുവിളയിലും പരിസരത്തുമായി 20-ഓളം തെരുവുനായ്ക്കളാണ് ശല്യം സൃഷ്ടിക്കുന്നത്.
എന്നാൽ എല്ലാ നായ്ക്കളെയും പിടികൂടാൻ സാധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ വീണ്ടും നായ്ക്കളെ പിടികൂടുന്നതിനുള്ള സ്ക്വാഡ് സജീവമാകുമെന്നാണ് സൂചന.