കിണറ്റിൽവീണ തെരുവുനായയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
1479492
Saturday, November 16, 2024 6:22 AM IST
വിഴിഞ്ഞം: നഗരസഭയുടെ കീഴിലുള്ള കുടിവെള്ളക്കിണറിൽ തെരുവുനായ വീണു തെരുവുനായയെ രക്ഷപ്പെടുത്തി. നായവീണതോടെ നൂറോളം കുടുംബങ്ങളുടെ കുടിവെള്ളവും മുട്ടി. നായയെ വിഴിഞ്ഞം ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.
വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കരയിലെ പൊതു കിണറിലാണ് ഇന്നലെ ഉച്ചയോടെ തെരുവുനായ വീണത്. എട്ടടിയോളം വീതിയും ഇരുപതടിയോളം ആഴവും പത്തടിയോളം വെള്ളവുമുള്ള കിണറിന് പുറത്ത് ഇരുമ്പ് കമ്പി കൊണ്ടുള്ള സുരക്ഷാവേലി സ്ഥാപിച്ചിരുന്നു.
എന്നാൽ കമ്പി ദ്രവിച്ച് തകർന്ന ഭാഗത്ത് കൂടിയാണ് നായ ഉള്ളിലേക്ക് വീണതെന്ന് ഫയർഫോഴ്സ് അധികൃതർ പറയുന്നു. കുടിവെള്ളം കിട്ടുന്ന പൊതുകിണറാണെങ്കിലും വേണ്ടവിധം പരിപാലിക്കാൻ അധികൃതർക്ക് മടിയെന്നാണ് ആക്ഷേപം.
കിണറിനുള്ളിൽ നിന്ന് കിളിർത്ത ആൽമരവും മറ്റുപാഴ്ചെടികളും വെട്ടിവൃത്തിയാക്കാനും അധിക്തർ തയ്യാറിയില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. പാഴ്ചെടികൾ വളർന്നുനിന്നതിനാൽ കിണറ്റിൽ നിന്നും നായയെ രക്ഷികാൻ കുറച്ചധികം പരിശ്രമിക്കേണ്ടതായി വന്നതായി അധികൃതർ പറഞ്ഞു.