പിടിപി നഗറിൽ റോഡരികിലെ നടപ്പാത കാടുകയറി
1479489
Saturday, November 16, 2024 6:22 AM IST
പേരൂർക്കട: ശുചീകരണം ഇല്ലാതായതോടെ പിടിപി നഗർ റോഡിലെ നടപ്പാത കാടുകയറിയ നിലയിൽ. വട്ടിയൂർക്കാവ് മണ്ഡലത്തിൽ കാഞ്ഞിരംപാറ ഭാഗത്തുനിന്ന് പിടിപി നഗറിലേക്ക് പോകുന്ന റോഡിന്റെ വലതുവശത്തെ നടപ്പാതയാണ് കാടുകയറി കിടക്കുന്നത്.
റോഡിനു വശത്തെ ഓട മറച്ചുകൊണ്ട് സ്ലാബുകൾ സ്ഥാപിച്ച ശേഷമാണ് നടപ്പാത ഒരുക്കിയിട്ടുള്ളത്. സമീപത്തെ മതിലിൽ നിന്നും വളർന്നിറങ്ങിയിരിക്കുന്ന കാട്ടുചെടികളും കൂടാതെ സ്ലാബിനു മുകളിലായി വളർന്നിരിക്കുന്ന ചെടികളുമാണ് നടപ്പാത മറച്ചിരിക്കുന്നത്.
തിരുവനന്തപുരം നഗരസഭയുടെ പരിധിയിലുള്ള ശുചീകരണ തൊഴിലാളികളാണ് നടപ്പാത വൃത്തിയാക്കേണ്ടിയിരുന്നത്. ശുചീകരണം ഇല്ലാതായതാണ് നടപ്പാത കാടുകയറിയതെന്ന് കാൽനടയാത്രക്കാർ ആരോപിക്കുന്നു.
നടപ്പാതയാകെ കാടുകയറിയതിനാൽ രാത്രികാലത്ത് ഇതുവഴി സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാരും പറയുന്നു. പ്രദേശത്ത് കാട്ടുചെടികൾ വളർന്നതോടെ ഇഴജന്തുക്കളുടെ ശല്യം വർധിച്ചതായും ആരോപണമുണ്ട്.
കാടുകയറി കിടക്കുന്ന നടപ്പാത പൂർണമായും ശുചീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.