ആദ്യ സർവീസുകൾക്കും പഴയ ബസുകൾ : പരാധീനതകൾ നെഞ്ചേറ്റി തുടക്കം: ബാക്കി കണ്ടറിയണം
1479791
Sunday, November 17, 2024 6:50 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: കളിയിക്കാവിള മുതൽ വെഞ്ഞാറമുട് വരെ കോവളം - കാരോട് ബൈപ്പാസ് വഴി 66 കിലോമീറ്റർ. 26 സ്റ്റോപ്പുകൾ, ഓടിയെത്താൻ ഒരു ബസിനുവേണ്ട സമയം രണ്ടേകാൽ മണിക്കൂർ മാത്രം. കന്നി ഓട്ടത്തിന് രംഗത്തിറക്കിയത് നാല് ബസുകൾ. എന്നാൽ ഉദ്ഘാടനത്തിനു പുതിയ ബസുകൾക്കു പകരം പാറശാല, നെയ്യാറ്റിൻകര, പൂവാർ, വിഴിഞ്ഞം ഡിപ്പോകളിൽനിന്നു മറ്റു റൂട്ടുകളിലേക്ക് ഓടിക്കൊണ്ടിരുന്ന ഓരോ എണ്ണത്തെ കടമെടുത്തു.
വരുംദിവസങ്ങളിൽ കൂടുതലായ ഓടിക്കുന്നവയും ഇതേ ഡിപ്പോകളിൽ നിന്നുള്ള പഴഞ്ചൻ ബസുകൾ തന്നെയായിരിക്കുമെന്നും അധികൃതർ പറയുന്നു. ഇതോടെ കട്ടപ്പുറത്തിരുന്ന പഴയ ബസുകളെ വരെതട്ടിക്കൂട്ടി ഓടിച്ച് ജീവൻ നിലനിർത്തുന്ന കെഎസ്ആർടിസി ഡിപ്പോ അധികൃതരും വെള്ളം കുടിക്കും. അടിസ്ഥാന സൗകര്യങ്ങളോ മുന്നോരുക്കങ്ങളോ ഇല്ലാതെ പെട്ടെന്നു ചാടിപ്പിടിച്ചു നടത്തിയ പരിപാടിയുടെ വിജയം കാണണമെങ്കിൽ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടിവരും.
കളിയിക്കാവിളയിൽനിന്നു യാത്ര തുടങ്ങുന്ന ബസ് പാറശാലയിൽനിന്നു ചെറുവാരക്കോണം, ചെങ്കവിള എന്നിവിടങ്ങൾ താണ്ടിയുള്ള മൂന്നു സ്റ്റോപ്പുകൾ പിന്നിട്ടാണ് സർവീസ് റോഡ് വഴി ബൈപ്പാസിൽ പ്രവേശിക്കുന്നത്. അവിടെനിന്നു കോവളം ജംഗഷൻ വരെയുള്ള എട്ടുസ്റ്റോപ്പുകൾ ബൈപ്പാസ് വഴി സഞ്ചരിക്കുന്ന ബസ് വാഴമുട്ടത്തുനിന്നു പാച്ചല്ലൂർ റോഡിലേക്ക് തിരിയും. പാച്ചല്ലൂർ സ്കൂളിനു മുന്നിലെ സ്റ്റോപ്പുകഴിഞ്ഞ് തിരുവല്ലത്ത് നിന്ന് ക്രോസ് ചെയ്ത് വീണ്ടും ബൈപ്പാസിൽ പ്രവേശിച്ച് യാത്ര തുടരും.
ഇപ്രകാരം ഒരു ബസ് അങ്ങോട്ടുമിങ്ങോട്ടുമായി ആറു ട്രിപ്പ് സർവീസ് നടത്തുമെന്നാണ് അധികൃതരുടെ വാദം. എന്നാൽ നിലവിൽ എന്നും അപകടങ്ങൾ കൊണ്ടു പേരുദോഷംകേട്ട തിരുപുറം-പുറുത്തിവിള, കാഞ്ഞിരംകുളം- കൈവൻവിള, കോവളം ജംഗ്ഷൻ, തിരുവല്ലം എന്നിവിടങ്ങളെക്കുറിച്ച് അധികൃതർക്ക് മിണ്ടാട്ടമില്ല.
പുറുത്തി വിളയിൽ സിഗ്നൽസ്റ്റേഷൻ ഉടൻ സ്ഥാപിക്കണമെന്ന ആവശ്യവുമായി തിരുപുറം പഞ്ചായത്ത് പ്ര മേയംവരെ പാസാക്കി ദേശീയപാതക്കാരെ അറിയിച്ചു. അതുപോലും ബന്ധപ്പെട്ടവർ അംഗീകരിച്ചില്ല. പ്രധാനപ്പെട്ട വിവിധ റോഡുകൾ വന്ന് ബൈപ്പാസിൽ സംഗമിക്കുന്ന ഇവിടങ്ങളിൽ അപകടങ്ങൾ ഒഴിവാക്കാൻ സിഗ്നൽ സ്റ്റേഷനുകൾ തുടങ്ങുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകിയ ദേശീയപാത ആധികൃതർ പിന്നെ തിരിഞ്ഞും നോക്കിയില്ല. മുന്നറിയിപ്പായി റോഡിൽ മഞ്ഞവരകൾ കൊണ്ട് ഡിസൈനും തീർത്ത് ബാരിക്കേഡുകളും നിരത്തിയവർ ബാക്കി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി.
കളിയിക്കാവിള മുതൽ വെഞ്ഞാറമൂട് വരെ 26 സ്റ്റോപ്പുകൾ പറയുന്നതല്ലാതെ ബോർഡുകളോ യാത്രക്കാർക്കു നിൽക്കാനുള്ള ബസ് ഷെൽട്ടറുകളോ ഇല്ല. സർവീസ് റോഡുകളിൽ ബസുകൾ കയറാത്തതിനാൽ പൊതുജനങ്ങൾക്ക് നിരോധനമുള്ള ബൈപ്പാസിൽ തന്നെ ജനം കാത്തു നിൽക്കണം.
നാട്ടുകാർ ആവശ്യപ്പെട്ട പ്രകാരം ബസുകൾ അനുവദിച്ചതായി പറയുന്ന ജനപ്രതിനിധികൾ അടിസ്ഥാന വികസനമൊരുക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടു. പൊതുജനത്തിനെന്ന പേരിൽ നിർമിച്ച സർവീസ് റോഡുകൾ വഴി യാത്ര ചെയ്യാതെ ആദ്യമായി ഓടിയ ബസുകൾക്ക് വിവിധയിടങ്ങളിൽ സ്വീകരണം നൽകാൻ ജനം മറന്നില്ല.
ഉണ്ടായിരുന്ന നല്ല ബസുകളെ ശബരിമല ഓട്ടത്തിനു വിട്ടുനൽകിയതോടെ കഷ്ടത്തിലായ ഡിപ്പോകൾക്ക് കൂടുതൽ തിരിച്ചടിയാണു നിലവിൽ ഉണ്ടായത്. അധികൃതരുടെ പിടിവാശിക്കു വഴങ്ങി മറ്റുറൂട്ടുകളിലേക്ക് ഓടിക്കൊണ്ടിരുന്ന ബസുകളെയാണ് ബൈപ്പാസിനായി അധികൃതർ വിട്ടുനൽകിയതും.