പാലോട്ടുവിള-അങ്കണവാടി റോഡ് പൊട്ടിപ്പൊളിഞ്ഞു
1479493
Saturday, November 16, 2024 6:22 AM IST
കാട്ടാക്കട: മലയിൻകീഴ് പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം വാർഡിലുൾപ്പെട്ട പാലോട്ടുവിള-അങ്കണവാടി റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് കാലങ്ങളായി. പൈപ്പ് ലൈൻ സ്ഥാപിക്കാനെടുത്ത കുഴിയും റോഡിന് സമീപത്തായി ഓടകളില്ലാത്തതും കാരണം മെറ്റലുകൾ മുഴുവൻ ഇളകി മാറിയ നിലയിലാണ് ഇപ്പോൾ. ഈ റോഡിലാണ് പഞ്ചായത്തിന്റെ ഹൈ-ടെക് അങ്കണവാടിയുള്ളത്.
വിദ്യാർഥികളുമായി അങ്കണവാടിയിലെത്തുന്നവർ അപകടത്തിലാകുന്നതും പതിവായിട്ടുണ്ട്. ചെറിയൊരു മഴപെയ്താലും റോഡിൽ വെള്ളക്കെട്ടാകും. റോഡ് ആരംഭിക്കുന്ന പാലോട്ടുവിള മുതൽ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി തീർന്നതിനാൽ ഇതുവഴിയുള്ള വാഹന-കാൽനട യാത്രകൾ ദുരിതമെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡിന്റെ തകർച്ച കാരണം അത്യാവശ്യഘട്ടങ്ങളിൽ ടാക്സി വിളിച്ചാൽ പോലും വരാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പരാതിയായി പറയുന്നു.
ഈ റോഡ് കേന്ദ്രീകരിച്ച് ബ്രദറൺ അസംബ്ലീ ഹാൾ, വയോജന കേന്ദ്രം മറ്റ് നിരവധി കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ അധികൃതർ ഇടപെട്ട് എത്രയുംപെട്ടന്ന് പരാഹരിക്കണമെന്ന് നാട്ടുകാർ പറയുന്നു.