സംസ്ഥാനത്തെ ആദ്യ ഇലക്ട്രിക് വെഹിക്കിൾ റിസർച്ച് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് കാട്ടാക്കടയിൽ
1479491
Saturday, November 16, 2024 6:22 AM IST
കാട്ടാക്കട: ഇലക്ട്രിക് വാഹന രംഗത്തെ വളർച്ച ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യ ഇലക്ട്രിക് വെഹിക്കിൾ റിസർച്ച് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് കാട്ടാക്കട മണ്ഡലത്തിലെ വിളപ്പിൽശാലയിൽ. സംസ്ഥാന സർക്കാർ സ്ഥാപനമായ ട്രിവാൻഡ്രം എൻജിനീയറിംഗ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്കിന്റെ ഉടമസ്ഥതയിലുള്ള 23 ഏക്കർ സ്ഥലത്താണ് പാർക്ക് സ്ഥാപിക്കുക.
ഒരു കാലത്ത് തിരുവനന്തപുരം നഗരത്തിലെ മാലിന്യം സംസ്ക്കരിക്കുന്നതിനുള്ള ഇടമായിരുന്നു വിളപ്പിൽശാല. നാട്ടുകാരുടെ നിരന്തര സമരങ്ങൾക്കൊടുവിൽ ഇവിടുത്തെ മാലിന്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടുകയും 100 ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്ത് എപിജെ അബ്ദുൽ കലാം ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് കൈമാറുകയും ചെയ്തിരുന്നു.
ഇതിൽ നിന്നും ട്രെസ്റ്റിന് കൈമാറിയ 23 ഏക്കറിലാണ് പാർക്ക് ഒരുങ്ങുക. ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററി, മോട്ടോർ, കൺട്രോളറുകൾ, ചാർജിംഗ് സംവിധാനം, ബാറ്ററി മാനേജ്മെന്റ് സംവിധാനം, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണവും നിർമാണവുമായിരിക്കും ഇവിടെ നടക്കുക.
വലിയ കോർപറേറ്റ് കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾ തുടങ്ങാൻ സാധിക്കുന്ന വിധത്തിലായിരുക്കും പാർക്ക് തയാറാക്കുക. പദ്ധതിയുടെ മാസ്റ്റർ പ്ലാൻ, വിശദമായ പദ്ധതി രേഖ (ഡിപിആർ) എന്നിവ തയാറാക്കാൻ കൺസൾട്ടൻസികളെ കണ്ടെത്താനുള്ള പ്രൊപ്പോസൽ ട്രെസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.
വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡിന്റെ സാമിപ്യം പാർക്കിന് വലിയ രീതിയിൽ ഗുണം ചെയ്യും. വിഴിഞ്ഞം തുറമുഖം പ്രവർത്തനം തുടങ്ങുന്നതോടെ ഇ.വി ഉപകരണ കയറ്റുമതി രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകും. നിരവധി വൻകിട കമ്പനികൾ പാർക്കിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇ-മൊബിലിറ്റി, എയ്റോസ്പേസ്, ഡിഫൻസ്, ലോജിസ്റ്റിക്സ്, മെഡിക്കൽ ഡിവൈസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളേയും കമ്പനികളേയും പാർക്കിലേക്ക് ആകർഷിക്കുന്ന ചുമതലയും കൺസൾട്ടൻസിക്ക് നൽകാനാണ് ധാരണ.
ഈ മേഖലകളിലെ വൈദഗ്ധ്യവും ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കുന്നതിലെ പരിചയവുമാണ് യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. 22 വരെ ഇത് സംബന്ധിച്ച നിർദേ ശങ്ങൾ സമർപ്പിക്കാവുന്നതാണ്. വിക്രം സാരാഭായ് സ്പേസ് സെന്റർ, സി-ഡാക്, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ്, ട്രെസ്റ്റ് എന്നിവർ ചേർന്ന കൺസോർഷ്യത്തിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
ഇ.വി നിർമാണത്തിന് ഉപയോഗിക്കുന്ന 60-70 ശതമാനം വരെ ഘടകങ്ങളും കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കുകയാണ് കൺസോർഷ്യത്തിന്റെ ചുമതല. അടുത്ത വർഷം അവസാനത്തോടെ പാർക്ക് പ്രവർത്തനം ആരംഭിക്കുന്ന തരത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.