ദുരന്തനിവാരണ ഫണ്ട് വെട്ടിപ്പ്: മുൻ ഡെപ്യൂട്ടി തഹസീൽദാർക്ക് 11 വർഷം കഠിനതടവ് ശിക്ഷ
1479481
Saturday, November 16, 2024 6:11 AM IST
തിരുവനന്തപുരം: മഴക്കാല ദുരന്തനിവാരണത്തിന് അനുവദിച്ച 1.83 ലക്ഷം രൂപ വ്യാജ രേഖയുണ്ടാക്കി സ്വകാര്യ ആവശ്യത്തിനായി മാറ്റിയെടുത്തതിനു തിരുവനന്തപുരം ജില്ലയിലെ മുൻ നെടുമങ്ങാട് ഡെപ്യൂട്ടി തഹസീൽദാറായിരുന്ന കെ. സുകുമാരനെ കുറ്റക്കാരനെന്നു കണ്ടെത്തി വിവിധ വകുപ്പുകളിലായി 11 വർഷം കഠിന തടവിനും 1.75 ലക്ഷം രൂപപിഴ ഒടുക്കുന്നതിനും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചു.
പാങ്ങോട് വില്ലേജിലെ മഴക്കാല ദുരന്ത നിവാരണത്തിനായി 2001-02 കാലയളവിൽ അനുവദിച്ച തുകയാണ് പാങ്ങോട് വില്ലേജ് ഓഫീസറും, നെടുമങ്ങാട് ഡെപ്യൂട്ടി തഹസീൽദാറായിരുന്ന സുകുമാരനും ചേർന്ന് തട്ടിയെടുത്തത്. സംഭവത്തിൽ തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം നൽകിയിരുന്നു.
ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലടച്ചു. ഒന്നാം പ്രതിയായ പാങ്ങോട് വില്ലേജ് ഓഫീസർ മരണപ്പെട്ടു പോയതിനാൻ ശിക്ഷയിൽ നിന്നും ഒഴിവാക്കി.